കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ
ചേവായൂര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി പി.എം.എസ്.എസ്.വൈ ബ്ളോക്കിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാംപസിനകത്തുവച്ചാണ് സംഭവം.
കാറില്‍ പിന്നിലെത്തിയ സംഘം വിദ്യാര്‍ഥിയോട് കയറാന്‍ ആവശ്യപ്പെടുകയും നിരസിച്ചപ്പോള്‍ പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാര്‍ഥി ഓടി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി. ഈ വഴിയില്‍ വെളിച്ചം കുറവുള്ളതിനാല്‍ തന്നെ പിന്തുടര്‍ന്നവരെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഈ ഭാഗങ്ങളില്‍ സിസിടിവികളും ഇല്ല.
സാധാരണയായി ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികള്‍ മാത്രമാണ് രാത്രിയില്‍ ഈ വഴി ഉപയോഗിക്കാറുള്ളത്. രാത്രിയില്‍ ഈ വഴി കാര്‍ എങ്ങനെ ക്യാംപസിനകത്ത് പ്രവേശിച്ചുവെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രിന്‍സിപ്പലിന്റെ അഭാവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ വിവിധ വിഭാഗങ്ങള്‍, കോളജ് യൂണിയന്, പിജി അസോസിയേഷന്, റസിഡന്‍സ് അസോസിയേഷന് എന്നിവരുടെ അടിയന്തര യോഗം വിളിച്ചു. രാത്രി സുരക്ഷാ സംവിധാനം ശക്തമാക്കുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിച്ച് കൃത്യമായ മോണിറ്ററിങ് നടത്തുക, കോളജിന്റെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും പരാതിയില്‍ അസോസിയേഷന് ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."