കാര്‍ വാടകയ്ക്ക് നല്കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയ്ക്കെതിരെ ആര്‍ടിഒ നടപടിയെടുക്കും. വാഹനം വാടകയ്ക്കു കൊടുക്കാന്‍ കാറിന്റെ ഉടമയായ ഷാമിലിന് ലൈസന്‍സില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാടക തുകയായ 1000 രൂപ ഷാമിലിന് വിദ്യാര്‍ഥികളിലൊരാള്‍ ഗൂഗിള്‍പേയില്‍ അയച്ചുനല്കിയതായി പൊലിസ് പറയുന്നു. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ലൈസന്‍സില്ലാതെയാണ് കാര്‍ വാടകയ്ക്ക് നല്‍കിയതെന്ന നിഗമനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.
അതേസമയം, താന്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയതല്ലെന്നും ഗൂഗിള്‍പേ ചെയ്തുതന്ന പണം വിദ്യാര്ഥികളൊരാള് തന്റെ കൈയ്യില്‍ നിന്ന് കടംവാങ്ങിയ പണമാണെന്നും വാഹന ഉടമ ഷമീല്‍ ഖാന് പറഞ്ഞു.
ആര്.ടി.ഒ വന്ന് ആര്.സി ബുക്കും അക്കൗണ്ട് ബുക്കും തന്റെ ഗൂഗിള്‍ പേ വിവരങ്ങളും ചോദിച്ചു. താന്‍ അത് നല്‍കുകയും ചെയ്തു. പിന്നീട് വാര്‍ത്തയിലാണ് അക്കൗണ്ടില്‍ പണം എത്തിയെന്ന വാര്‍ത്ത കണ്ടതെന്നും മുഹമ്മദ് ജബ്ബാര്‍ ആണ് ഗൂഗിള്‍ പേ ചെയ്യാം, ആയിരം രൂപ നല്‍കാമോ എന്നുപറഞ്ഞ് പണം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 2ന് ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംക്ഷനില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് ജീവന് നഷ്ടമായത്. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന് (19) , പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്സന് (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി.മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 6 പേര്‍ക്കും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."