കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി
ആലപ്പുഴ: കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി.
വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (പഴയ ഐ.പി.സി. 304 എ) പ്രകാരമാണു കേസ്. അപകടത്തിനു തൊട്ടുമുന്‍പ് കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്.
രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."