വഴികളുണ്ട് കുരുതിക്ക് തടയിടാൻ
കണ്ണൂര്‍: പെരുകുന്ന റോഡപകടങ്ങള്‍ക്കു ബ്രേക്കിടാന്‍ സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും പലതും അട്ടിമറിക്കപ്പെടുകയാണ്. നിരത്തിലെ കുരുതി കുറയ്ക്കാന്‍ ഉപകരിക്കുമെന്നു കരുതി സ്ഥാപിച്ച എ.ഐ കാമറകള്‍ കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്നതിന് നിത്യവും വർധിക്കുന്ന അപകടങ്ങള്‍ തന്നെ തെളിവ്.
കാമറകള്‍ വന്നതോടെ നിരത്തില്‍ പരിശോധന നടത്തേണ്ട മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍നിന്ന് പുറത്തിറങ്ങാതായി.അമിതവേഗമോ അലക്ഷ്യഡ്രൈവിങ്ങോ ശ്രദ്ധയില്‍പെട്ടാല്‍ വാഹനം തടയാനും പരിശോധിക്കാനും അധികാരമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിരത്തുകളില്‍ കാണുന്നതും അപൂര്‍വം. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന് പെര്‍മിറ്റും ഇന്‍ഷുറന്‍സും ഉണ്ടോ എന്നിവയൊക്കെ മുമ്പ് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും പൊലിസും കര്‍ശനമായി പരിശോധിക്കുമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരില്‍ മിക്കവര്‍ക്കും ഡ്യൂട്ടി ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ചെക്ക്‌പോസ്റ്റുകളിലും ആര്‍.ടി ഓഫിസുകളിലുമാണ്.
അത്ര സേഫല്ല നിരത്തുകള്‍
വാഹനാപകടങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ 2018ലാണ് സേഫ് കേരള സ്‌ക്വാഡുകളും 14 ജില്ലകളിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫിസുകളും നിലവില്‍വന്നത്. വൈകാതെ, റോഡ് സേഫ്റ്റി അതോറിറ്റിയുടെ കീഴില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ കീഴിലേക്ക് മാറ്റിയതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും ചെക്ക്‌പോസ്റ്റുകളിലേക്കും ഒതുക്കിയത്.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ക്കല്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റരുതെന്ന് 2022ല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ടെസ്റ്റ് ഗ്രൗണ്ടുകളിലും ചെക്‌പോസ്റ്റുകളിലും തുടരുകയാണ് ഉദ്യോഗസ്ഥരിലേറെയും. ആലപ്പുഴ കളർകോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന ഈമാസം രണ്ടിന് 29 ഉദ്യോഗസ്ഥരെയാണ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റിയത്.
ആറുമാസത്തേക്കാണ് ഇവരുടെ നിയമനം. ജി.എസ്.ടി സംവിധാനം നിലവില്‍വന്നതിനു പിന്നാലെ 2021ല്‍ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും 80ലേറെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ വെറുതെയിരിക്കുന്നത്. ഒരു മാസം മുമ്പ് സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. 255 പേരാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ വേണ്ടത്. നിലവില്‍ 62 എ.എം.വി.ഐമാരുടെ ഒഴിവുകളാണുള്ളത്. അതിനു പുറമെയാണ് നൂറോളം പേരെ മറ്റു ജോലികളിലേക്കു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."