വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്
എറണാകുളം: വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികളെ എറണാകുളം കളമശ്ശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാര്‍ക്കുമാണ് വിഷബാധ ഏറ്റത്.
സംഭവത്തില്‍ കൊച്ചി പൊലിസ് കേസെടുത്തു. ടൂറിസ്റ്റ് ബോട്ടുടമയ്ക്കും കുട്ടികള്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കിയ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടത്തിരിക്കുന്നത്. ബിഎന്‍സ് 371 വകുപ്പ് പ്രകാരവും ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രകാരവുമാണ് കേസ്.
ഇന്നലെ രാത്രി പത്തരയോടയാണ് സംഭവം. 104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് ചികിത്സ തേടിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജില്‍ ബന്ധപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, അടിയന്തര ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിര്‍ദേശം നല്‍കി.
ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."