ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം
ബെയ്‌റൂത്ത്: ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സയില്‍ ബോംബ് വര്‍ഷം ശക്തമാക്കി ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ നിലക്കാത്ത ആക്രമണമാണ് നടക്കുന്നതെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അബാസാനിലെ അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ റഫ നഗരത്തില്‍ ജനവാസമുള്ള ഫഌറ്റിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടെ കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. കാന് യൂനിസിലും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്.
ഗസ്സ മുനമ്പില്‍ ഒരിടവും ഒഴിയാതെയാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതെന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങും ഫൈറ്റര്‍ ജെറ്റുകള്‍ ചീറിപ്പായുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാനാവുന്നുണ്ട്. മധ്യ ഗസ്സയിലും ദൈര്‍ അല്‍ ബറയിലും വളരെ താഴ്ന്ന പ്രദേശങ്ങളില്‍ പോലും മരണം വട്ടമിട്ടു പറക്കുകയാണ്-ഹാനി മുഹമ്മദിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫൈറ്റര്‍ ജെറ്റുകള്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ നിന്നും ബൈത്ത് ലാഹിയയില്‍ നിന്നും വരുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപില്‍ ശേഷിക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനങ്ങള്‍ ഇനിയും എവിടെ അഭയം എന്ന് തേടി അലയുകയാണ്. കനത്ത ദുരന്തത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക എന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."