ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് തെറ്റാണ്. ഇവരുടെ പട്ടിക പൂര്‍ണമായും പുറത്തുവിട്ടാല്‍ ഞെട്ടും.പണം തിരികെ പിടിക്കുകയും കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.- മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
അനധികൃതമായി സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയ ധന വകുപ്പ് പക്ഷേ എത്ര വര്‍ഷമായി ഇവര്‍ കൈപ്പറ്റുന്നുവെന്നോ എത്ര രൂപ തട്ടിപ്പ് നടത്തി എന്നോ വ്യക്തമാക്കുന്നില്ല. പ്രാഥമിക പരിശോധനയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയവരില്‍ നിന്നും അനധികൃതമായി വാങ്ങിയ പെന്‍ഷന്‍ പണം പലിശ സഹിതം തിരിച്ചു പിടിക്കാനും, കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട് എന്ന് മാത്രമാണ് വിശദീകരണം.
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ പാടുപെടുന്ന സര്‍ക്കാരിനെ വെട്ടിച്ച് 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് കണ്ടെത്തല്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ അധ്യാപകര്‍ വരെ വ്യാജ രേഖകള്‍ ഹാജരാക്കിയാണ് പ്രതിമാസം 1,600 രൂപ വീതം ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്. ധന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള നടത്തിയ പ്രാഥമിക പരിശോധനയിലാണ് വന്‍ വെട്ടിപ്പ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ക്ഷേമപെന്‍ഷന്‍ പട്ടിക വിശദമായി പരിശോധിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു.
സര്‍ക്കാര്‍ കോളജിലെ രണ്ട് അസി.പ്രൊഫസര്‍മാരാണ് ഭീമമായ ശമ്പളത്തിന് പുറമേ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെയും, പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാം പാറ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അസി.പ്രൊഫസര്‍മാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ മൂന്നു പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ഹൊസ്ദുര്‍ഗ് ജി.എച്ച്.എസിലെ ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ കൊമേഴ്സ് അധ്യാപകന്‍, കുട്ടൂര്‍ ജി.എം ജി.എച്ച്.എസിലെ ഹയര്‍സക്കന്‍ഡറി മലയാളം അധ്യാപകന്‍, പത്തിരിപ്പാല ജി.എച്ച്.എസിലെ പൊളിറ്റിക്കല്‍ സയന്‍സ് ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ എന്നിവരാണിവര്‍.
നേരത്തെ ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപറ്റുന്നുവെന്ന പരാതികളെ തുടര്‍ന്ന് മസ്റ്ററിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നിട്ടും വ്യാജരേഖകള്‍ ഹാജരാക്കി ഇവര്‍ പെന്‍ഷന്‍ കൈപ്പറ്റി. ക്ഷേമപെന്‍ഷന് അര്‍ഹതയുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വ്യാജരേഖകള്‍ ഹാജരാക്കിയാണ് പലരും പട്ടികയില്‍ ഇടം പിടിച്ചത്. ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലാണ് പണമെത്തുന്നത്.
നാണക്കേടിന്റെ പട്ടിക!
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുള്ളത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് (224). കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം: മെഡിക്കല്‍ വിദ്യാഭ്യാസം (124), ആയുര്‍വേദം (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍-114), മൃഗസംരണക്ഷം (74), പൊതു മരാമത്ത്(47), സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് (46), ഹോമിയോപ്പതി (41), കൃഷി, റവന്യു വകുപ്പ് (35 വീതം), ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് (34), ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ്(31), കോളജിയറ്റ് എജ്യുക്കേഷന്‍ (27), ഹോമിയോപതി (25). ഇവരെ കൂടാതെ മറ്റ് വകുപ്പുകളിലുമുണ്ട് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."