രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്
പറവൂര്‍: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു. കേസിലെ തുടര്‍ നടപടികളില്‍ പൊലീസ് നിയമോപദേശം തേടും.
ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്‍സില്‍ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്‍പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്‍ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്. മകള്‍ യൂട്യൂബില്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. ഇനിയും ഇത് തുടരാനാകില്ല. കൊലപാതക ശ്രമമാണ് രാഹുല്‍ നടത്തിയത്. ഇനി കേസുമായി മുന്നോട്ട് പോകും. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടിവന്നത്. മകളും ഇപ്പോള്‍ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
തിങ്കാളാഴ്ച രാത്രിയാണ് കണ്ണിലും മുഖത്തും പരുക്കേറ്റ നിലയില്‍ ഭര്‍തൃവീട്ടില്‍നിന്ന് നീമയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വീട്ടിലുണ്ടാക്കിയ മീന്‍കറിക്ക് രുചിയില്ലെന്ന് പറഞ്ഞായിരുന്നു ക്രൂര മര്‍ദനം. ആശുപത്രിയിലേക്കുള്ള വരുന്നതിനിടെ ആംബുലന്‍സില്‍ വച്ചും മര്‍ദ്ദിച്ചെന്നും യുവതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലിസിനെ അറിയിച്ചെങ്കിലും പരാതി ഇല്ലെന്നും നാട്ടിലേക്ക് മടങ്ങി പോകണമെന്നുമായിരുന്നു നീമയുടെ ആവശ്യം. യുവതിയുടെ മാതാപിതാക്കളെ പൊലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ ഇവര്‍ ആശുപത്രിയില്‍ എത്തി. രാവിലെ ഒമ്പതോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ യുവതിയുമായി കുടുംബം പന്തീരങ്കാവ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച രാത്രിതന്നെ രാഹുലിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തിയ ശേഷം ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരേ കേസെടുത്തത്. യുവതി വീട്ടുകാരോടൊപ്പം എറണാകുളത്തേക്ക് പോയി.
ഇക്കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് മെയ് 12 ന് എറണാകുളത്തെ യുവതിയുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയപ്പോഴാണ് രാഹുല്‍ മര്‍ദിച്ച വിവരം പുറത്തറിയുന്നത്. പിന്നാലെ യുവതിയുടെ കുടുംബം രാഹുലിനെതിരേ പരാതി നല്‍കി. കേസെടുത്തതോടെ രാഹുല്‍ താന്‍ ജോലിചെയ്യുന്ന ജര്‍മനിയിലേക്ക് കടന്നു. ഇതിനിടെയാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ കേസ് നല്‍കിയതാണെന്നും പറഞ്ഞ് യുവതി രംഗത്തുവന്നത്. തുടര്‍ന്ന് രാഹുല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് കേസ് കോടതി റദ്ദാക്കിയത്. പിന്നീട് ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചിരുന്നു. ആദ്യ സംഭവത്തില്‍, പൊലിസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് പന്തീരാങ്കാവ് പൊലിസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."