സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം
ലഖ്‌നൗ: സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനെതിരേ പ്രതിഷേധിച്ചവരെ വെടിവച്ചുകൊന്നതില്‍ സംസ്ഥാന പൊലിസിനെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍. പ്രതിഷേധിച്ചവരുടെ കൂടെ ഇല്ലാത്തവര്‍ക്കും വെടിയേറ്റെന്നും കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് നാടന്‍ ബുള്ളറ്റുകള്‍ കണ്ടെടുത്തെന്നുമുള്ള വെളിപ്പെടുത്തലുകളാണ് പൊലിസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
സര്‍വെക്കെത്തിയ സംഘത്തെ അനുഗമിച്ച പൊലിസിന്റെ കൈവശം നാടന്‍ തോക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പള്ളിക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനങ്ങള്‍ പൊലിസ് തന്നെയാണ് തകര്‍ത്തതെന്നും അലി പറയുന്നു. അലിയുള്‍പ്പെടെ കുറച്ചുപേര്‍ മാത്രമായിരുന്നു പള്ളിയില്‍ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ.
लोकेशन : संभल , यूपी
— The Muslim (@TheMuslim786) November 26, 2024
22 वर्षीय बिलाल को 2 गोलियां मारी गई वह जामा मस्जिद के पास रेडीमेड कपड़ों की दुकान लगाता था उसके पिता हनीफ ने कहा बिलाल पथराव, फायरिंग, बबाल में मारा गया
हनीफ कहते है कि पुलिस ने उसे गोली मारी.pic.twitter.com/ycTIwJdil5
നാടന്‍ തോക്കുകളില്‍നിന്നുള്ള ബുള്ളറ്റുകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ഇത് പ്രക്ഷോഭകരുടെ ആയുധങ്ങളില്‍നിന്നുള്ള തിരയാണെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, സര്‍വേ സമയത്ത് പൊലിസിന് നടുവിലായിരുന്നു താനെന്നും ഈ സമയത്ത് ആരും പൊലിസിന് നേരെ വെടിവച്ചിട്ടില്ലെന്നും സഫര്‍ അലി ഉറപ്പിച്ച് പറയുന്നു. പള്ളിയിലെ പ്രശ്‌നം കേട്ട് ഓടിയെത്തിയ സമരക്കാര്‍ എന്തിന് പരസ്പരം വടിയുതിര്‍ക്കണം. അവര്‍ക്ക് കലാപമോ ആക്രമണമോ ലക്ഷ്യം ഉണ്ടെങ്കില്‍ പൊലിസിനെയാകുമല്ലോ തോക്ക് കൊണ്ട് ആക്രമിക്കുക? - അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ അധികൃതര്‍ക്ക് പങ്ക് ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ സഫര്‍ അലിയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പിടിച്ചെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി.
നഈം ഗാസി, ബിലാല്‍, നുഅ്മാന്‍, മുഹമ്മദ് കൈഫ്, അയാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേരുടെയും അരക്ക് മുകളിലാണ് ബുള്ളറ്റുകള്‍ തുളച്ചുകയറിയത്. പലര്‍ക്കും ഒന്നിലധികം തവണയാണ് വെടിയേറ്റത്. മിക്കവരുടെ നെഞ്ചിലാണ് വെടിയേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട അയാന്റെ പ്രായം 17 വയസ്സാണ്. നെഞ്ചിന്റെ വലതുഭാഗത്താണ് അയാന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരളിലും ശ്വാസകോശത്തിലും ഹൃദയത്തിലും തുളച്ചുകയറിയ ബുള്ളറ്റ് പിന്‍വശത്തിലൂടെ പുറത്തേക്ക് പോയെന്നും ഡോക്ടര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭല്‍ സംഘര്‍ഷത്തില്‍ യു.പി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംഭല്‍ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും രണ്ട് സ്ത്രീകളും പള്ളി കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുമുള്‍പ്പെടെ 25 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു. കണ്ടാലറിയുന്ന 2,750 പേര്‍ക്കെതിരെയും കേസെടുത്തു. സമാജ് വാദി പാര്‍ട്ടി നേതാവും സ്ഥലം എം.പിയുമായ സിയാഉദ്ദീന്‍ ബര്‍ഖിനെതിരേയും കേസുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."