ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം
ബറേലി:ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ വീണ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞ് വീണത്.
ഫരീദ്പൂർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടം നടന്നത്. ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കയറിയ കാർ നദിയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഗൂഗിൾ മാപ്പിൽ വഴി നോക്കിയാണ് യുവാക്കൾ യാത്ര ചെയ്തതെന്ന് കുടുംബം പറയുന്നു. പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. ശനിയാഴ്ച രാത്രി നടന്ന അപകടം ഞായറാഴ്ച പുലർച്ചെ മാത്രമാണ് നാട്ടുകാർ അറിഞ്ഞത്. ഫരീദ്പൂർ പൊലിസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."