ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി
ചേലക്കര: കഴിഞ്ഞ 28 വര്‍ഷത്തെ ചരിത്രത്തെ കൂട്ടുപിടിച്ച് ചേലക്കര വീണ്ടും ഇടത്തോട്ടു തന്നെ. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയാണ് ഇടതു സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് മുന്നേറിക്കൊണ്ടിരുന്നത്. ഇടതുമുന്നണി ഒരോ റൗണ്ടിലും ലീഡ് മെച്ചപ്പെടുത്തിയെങ്കിലും ഒരു ഘട്ടത്തില്‍പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല.
കഴിഞ്ഞ തവണ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയില്‍ ഇത് ഇടതുപക്ഷത്തിന് അഭിമാന ജയം തന്നെയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് വാദിക്കാന്‍ ചേലക്കരയിലെ ഈ ജയം ഇടതുപക്ഷത്തെ സഹായിക്കും. മണ്ഡലത്തില്‍ നിന്നുള്ള വ്യക്തിയാണെന്ന് പ്രദീപിന് നേട്ടമായി.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച് ജയിച്ചപ്പോള്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസിനകത്തുണ്ടായ അസ്വാരസ്യങ്ങള്‍ വരെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നത് കാണാന്‍ സാധിക്കും. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറയ്ക്കാനായി എന്നത് മാത്രമാണ് യുഡിഎഫിന് ആശ്വാസം.
2016ലെ തന്റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യു.ആര്‍. പ്രദീപ് നേടിയത്. 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എ. തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. എന്‍.ഡി.എയുടെ ഷാജുമോന്‍ 23,845 വോട്ടായിരുന്നു നേടിയത്. ചേലക്കരയില്‍ 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രാധാകൃഷ്ണന്‍ 81,885 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.സി. ശ്രീകുമാര്‍ 43,150 വോട്ട് മാത്രമാണ് നേടിയത്. എന്‍.ഡി.എയുടെ ഷാജുമോന്‍ വറ്റെക്കാട് 23,716 വോട്ടും നേടി.
സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനും തിരിച്ചടിയായി ചേലക്കരയിലെ ഫലം. അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ സ്ഥാനാര്‍ഥി എന്‍.കെ. സുധീറിന് 3909 വോട്ടുകള്‍ മാത്രമാണ് പിടിക്കാനായത്. പി.വി. അന്‍വറിന്റെ നിലപാടുകളോട് ആഭിമുഖ്യമുള്ള ഇടത് അണികളുടെ വോട്ട് സുധീറിലേക്ക് പോകുമെന്ന് കണക്കുകൂട്ടലുണ്ടായെങ്കിലും അത് ചെറിയ വോട്ടിലൊതുങ്ങി.
നിയമസഭാ സാമാജികനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യു.ആര്‍. പ്രദീപ്. ദേശമഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."