നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്; സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ
ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീട്ടുമുറ്റത്ത് ഫ്‌ളാഷ് ബോംബ്. ശനിയാഴ്ചയാണ് സംഭവം. രണ്ട് ഫ്‌ളാഷ് ബോംബുകളാണ് വീട്ടുമുറ്റത്ത് പതിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് ഇതിനെ കാണുന്നതെന്ന് ഇസ്റാഈൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്റാഈൽ സൈന്യം വ്യക്തമാക്കി. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വൻതിരിച്ചടി നൽകുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെ വകവരുത്താനുള്ള നീക്കമാണ് നടന്നതെന്ന് മന്ത്രിമാരും പ്രതികരിച്ചു. കഴിഞ്ഞ മാസം ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ നെതന്യാഹുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
അതിനിടെ, ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്റാഈൽ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയിൽ കടന്നതായി റിപ്പോർട്ടുണ്ട്. അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് സൈന്യം എത്തിയത്.അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്റാഈൽ കരസേന ലബനാന്റെ ഇത്രയും ഉൾഭാഗത്തേക്ക് എത്തുന്നത്. അതേസമയം, ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം പിന്മാറിയതായി ലബനാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ആക്രമണവും തിരിച്ചടിയും വിവിധ സ്ഥലങ്ങളിൽ രൂക്ഷമാണ്. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലായി 59 പേർ കൊല്ലപ്പെട്ടു. ഇസ്റാഈൽ കേന്ദ്രങ്ങൾക്ക് നേരെ നൂറിലേറെ മിസൈലുകൾ അയച്ച് ഹിസ്ബുല്ല തിരിച്ചടി നൽകി. ഗസ്സയിലും ആക്രമണം രൂക്ഷമാണ്. 32 പേർ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,799 ആയി. 1,03,601 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ലബനാനിലെ വെടിനിർത്തൽ ചർച്ചകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Two flash bombs were thrown at Israeli Prime Minister Benjamin Netanyahu’s private residence in Caesarea, marking a serious security breach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."