'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍
പാലക്കാട്: കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിനു പിന്നാലെ വേദിയില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.
വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്നേഹവും കരുതലും ഞാന്‍ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയില്‍ ഞാന്‍. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടു.
മാധ്യമ ചര്‍ച്ചയ്ക്ക് പോകരുതെന്ന് പോലും എന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ , കാലിഷ്യമുണ്ടാക്കാനോ എനിക്ക് താല്പര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണ്. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ബന്ധങ്ങളും മാനവിക അടുപ്പങ്ങളും നിലനില്ക്കണമെന്ന് എക്കാലത്തും ആഗ്രഹിച്ചിട്ടുള്ളയാളാണ് താന്‍. സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുന്നുവെന്നും സന്ദീപ് പറഞ്ഞു.
ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാര്‍ട്ടി തന്നെ വേട്ടയാടി. ശ്രീനിവാസന് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകരാരും കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവന്‍ നേരവും ഇത്തരം വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍നിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."