ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല
കൊച്ചി: യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ്. നീതിന്യായ കോടതികള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഇതെങ്ങനെ സാധ്യമാകുമെന്നും ബോര്‍ഡ് ചോദിക്കുന്നു. രേഖകള്‍ പരിശോധിച്ച് ആധാരങ്ങള്‍ വഖ്ഫ് ആണെന്നും കണ്ടെത്തിയാല്‍ മാത്രമേ ബോര്‍ഡ് അത്തരത്തിലൊരു തീരുമാനത്തിലെത്താറുള്ളൂ. പരിശോധനയില്‍ വഖ്ഫ് അല്ലായെന്ന് കണ്ടെത്തിയതിനാല്‍ മറ്റു നടപടികൾ വേണ്ടെന്ന് ബോര്‍ഡ് നിരവധി കേസുകളില്‍ തീരുമാനമെടുത്തിട്ടുള്ളതാണ്.
മുനമ്പത്ത് നിന്നും ഒരു താമസക്കാരനെ പോലും ഇറക്കി വിടുന്നതിന് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇവുടുത്തെ ഭൂമി വഖ്ഫ് ആധാരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതെന്നും ബോര്‍ഡ് വ്യക്തമാക്കി. മുഹമ്മദ് സിദ്ദിഖ് സേട്ട് എന്ന വ്യക്തി 2115/1950 നമ്പര്‍ ആധാര പ്രകാരം 440.76 ഏക്കര്‍ ഭൂമി കോഴിക്കോട് ഫറൂഖ് കോളജിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായാണ് വഖ്ഫ് ചെയ്ത് നല്‍കിയിട്ടുള്ളത്.
ഈ ആധാരത്തില്‍ കൃത്യമായി വഖ്ഫ് എന്ന് രേഖപ്പെടുത്തിയതായി കാണുന്നതിനാലാണ് നടപടികള്‍ തുടങ്ങിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വസ്തു കൈവശം വയ്ക്കുന്ന എല്ലാവര്‍ക്കും തന്നെ തങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള അവസരം ബോര്‍ഡ് നല്‍കാറുള്ളതുമാണ്. ആധാരം കൃത്യമായും വഖ്ഫ് എന്ന രൂപത്തിലാണെങ്കിലും ക്രയവിക്രയ സ്വാതന്ത്രം അനുവദിച്ചതും കോളജ് നിലനില്‍ക്കാത്ത കാലത്ത് തിരികെ നല്‍കണമെന്ന പരാമര്‍ശവും വഖ്ഫ് അല്ല മറിച്ച് ദാനാധാരമാണെന്ന വാദത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ ദാനാധാരമാണെന്ന സങ്കല്‍പ്പം പരിഗണിച്ചാല്‍ തന്നെയും ഈ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത് അതുപ്രകാരമല്ല. ദാനാധാരം നടത്താൻ സര്‍ക്കാര്‍ നിശ്ചയിച്ച ഭൂമിയുടെ പതിന്മടങ്ങാണ് ഇവിടെ വഖ്ഫ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.
മുനമ്പത്തെ 18.4 ഏക്കര്‍ ഇപ്പോഴും ഫാറൂഖ് കോളജിന്റെ തണ്ടപ്പേരിലെന്ന് വഖ്ഫ് രേഖകള്‍
കൊച്ചി: മുനമ്പത്തെ വഖ്ഫ് സ്വത്ത് കൈയേറ്റം സംബന്ധിച്ച് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് 1967ല്‍ പറവൂര്‍ സബ് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇതു പ്രകാരം 1971ലെ ഉത്തരവില്‍ ഭൂമിയുടേത് വഖ്ഫ് ആധാരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ആ ഘട്ടത്തില്‍ തന്നെ തള്ളുകയുമാണുണ്ടായത്. കോടതി റിസീവറായി നിയോഗിച്ച അഡ്വ. പോളിന് ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി അനധികൃതമായി നല്‍കിയ മുക്ത്യാര്‍ പ്രകാരമാണ് വഖ്ഫ് നിയമത്തിന് വിരുദ്ധമായി വില്‍പനകള്‍ നടന്നിട്ടുള്ളത്.
വഖ്ഫ് സ്വത്തുക്കളുടെ കൈമാറ്റത്തിന് ബോര്‍ഡ് അനുമതി നിര്‍ബന്ധമാണെന്ന, ഈ വില്‍പന നടത്തുന്ന സമയത്ത് തന്നെയുണ്ടായിരുന്ന നിയമം പാലിക്കപ്പെട്ടിരുന്നില്ല. വസ്തു അന്യാധീനപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനാല്‍ കൂടുതല്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ഇതിലൊരു തീരുമാനമാകുന്നവരെ ഈ ഭൂമിയിലെ നികുതി സ്വീകരിക്കരുതെന്ന് റവന്യൂ അധികാരികള്‍ക്ക് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. പിന്നീട് സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നികുതി സ്വീകരിക്കുന്നതിന് തീരുമാനമായി. എന്നാൽ വഖ്ഫ് സംരക്ഷണവേദി ഹൈക്കോടതി മുന്‍പാകെ നല്‍കിയ കേസില്‍ കോടതിയുടെ ഉത്തരവ് പ്രകാരമാണ് പ്രദേശവാസികളില്‍ നിന്നും ഇപ്പോൾ നികുതി സ്വീകരിക്കാത്തത്.
നിലവില്‍ ഏകദേശം 18.4 ഏക്കറോളം സ്ഥലം ഫാറൂഖ് കോളജിന്റെ തണ്ടപ്പേരിലാണ് കിടക്കുന്നതെങ്കിലും ഈ വസ്തു ആധാരങ്ങളില്ലാതെ പലരുടേയും കൈവശത്തിലാണ്. ആകെ 12 കേസുകളില്‍ മാത്രമാണ് നിലവില്‍ അന്വേഷണത്തിന് നോട്ടിസ് അയച്ചിട്ടുള്ളത്. ഇതിൽ ഉള്‍പ്പെടുന്ന കൈവശക്കാരിൽ 10 പേരുംപ്രദേശവാസികളല്ല. ഇവിടെ താമസിക്കുന്ന ആരേയും ഒഴിപ്പിക്കുന്നതിന് ബോര്‍ഡ് ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അതിന് വിരുദ്ധമായ പ്രചാരണങ്ങള്‍ തെറ്റാണെന്നും വഖ്ഫ് ബോര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."