ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്
ജറൂസലം: ഗസ്സ, ലബനാന്‍, സിറിയ, ഇറാന്‍...ആക്രമണങ്ങള്‍ ശക്തമാക്കി മുന്നോട്ടു പോകുന്നതിനിടെ ഇസ്‌റാഈല്‍ മന്ത്രി സഭക്കുള്ളില്‍ ശക്തമായ കലാപം നടക്കുകയാണെന്ന് സൂചന. മറ്റൊരു മന്ത്രി കൂടി സഭയില്‍ നിന്ന് പുറത്തേക്കെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിനെ പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടകള്‍ പറയുന്നത്. പ്രതിരോധ മന്ത്രി യൊഅവ് ഗാലന്റിനെ നേരത്തെ പുറത്താക്കിയിരുന്നു.
തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിനെതിരെ ഇസ്‌റാഈല്‍ അറ്റോര്‍ണി ജനറല്‍ രംഗത്തുവന്നിരിക്കുകയാണ്.മന്ത്രിയുടെ ഭരണകാലത്തെ നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഗാലി ബഹാരവ് വ്യാഴാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചു. പൊലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി വഴിവിട്ട് ഇടപെട്ടതായി കത്തില്‍ ആരോപിക്കുന്നു. ഇസ്‌റാഈല്‍ മാധ്യമങ്ങളുടേതാണ് റിപ്പോര്‍ട്ട്.
പൊലിസിന്റെ പ്രവര്‍ത്തരീതിക്ക് തുരങ്കം വെക്കുന്ന അനുചിതമായ ഇടപെടലുകളാണ് മന്ത്രി നടത്തിയതെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു. പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട് നിയമനങ്ങള്‍ നടത്താനും ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടാനും മന്ത്രി അധികാരം ദുരുപയോഗിക്കുന്നു, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിക്കാന്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിക്കുന്നു, ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന വാഹനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന മന്ത്രിസഭ ഉത്തരവുകള്‍ അവഗണിക്കാന്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ബെന്‍ ഗ്വിര്‍ നിര്‍ദ്ദേശം നല്‍കുന്നു തുടങ്ങി മന്ത്രിയുടെ നിരവധി നിയമവിരുദ്ധ ഇടപെടലുകള്‍ അറ്റോണി ജനറല്‍ കത്തില്‍ തുറന്നു കാട്ടുന്നുണ്ട്.
അതേസമയം അറ്റോര്‍ണി ജനറല്‍ തനിക്കെതിരെ അട്ടിമറി ശ്രമം നടത്തുകയാണെന്നും അവരെ പിരിച്ചുവിടണമെന്നുമാണ് ബെന്‍ ഗ്വീര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്വീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."