ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു
കണ്ണൂര്‍: കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ പുലര്‍കാലെ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം. ചെറു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ റോഡിലേക്ക് എത്തുകയും മിനിബസ് താഴ്ചയിലുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലെ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. കായംകുളം- മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരവുമാണ്.
രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ച്ചെ നാലോടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്
കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."