അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ; സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ദിവസവും കണ്ടെത്താൻ നിയോഗിച്ചിട്ടുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് പുതിയ പണി കിട്ടി. ഇനി അവർ സുരക്ഷ ഒരുക്കുന്നതിനുള്ള വിവരം തേടി അലയുക മാത്രമല്ല അടഞ്ഞുകിടക്കുന്ന സർക്കാർ മന്ദിരങ്ങളുടെ കണക്കെടുപ്പ്, റോഡപകടങ്ങൾ, സ്റ്റുഡൻസ് പൊലിസുമായി ബന്ധപ്പെട്ട് 'രഹസ്യാന്വേഷണം' എന്നിവയാണ് പുതിയ പണി.
അടുത്തിടെ ചുമതലയേറ്റ ഇന്റലിജൻസ് മേധാവി പി.വിജയന്റേതാണ് വിചിത്ര നിർദേശങ്ങൾ. സർക്കാരിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങൾ വരെ കൃത്യമായി റിപ്പോർട്ട് ചെയ്യുകയെന്ന ഗൌരവമേറിയ ജോലിയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഉള്ളത്. എന്നാൽ വിചിത്രമായ ജോലികളാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് പുതിയ മേധാവി നൽകിയിരിക്കുന്നത്.
അടച്ചിട്ടിരിക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുക്കാനാണ് നിർദേശം. ഓരോ കെട്ടിടത്തിന്റെയും വിസ്തീർണവും കെട്ടിട നമ്പരും ഏത് വകുപ്പിന്റേതാണ് കെട്ടിടമെന്നും കണ്ടെത്തണം. ഇതിനായി രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലിസ് ഉദ്യോഗസ്ഥർ അടുത്ത ഒരാഴ്ച വില്ലേജ് ഓഫിസുകളിൽ കയറി ഇറങ്ങേണ്ടി വരും. സ്റ്റുഡൻസ് പൊലിസ് പദ്ധതിക്ക് സർക്കാർ എത്ര രൂപ നൽകുന്നു, എത്ര ചെലവഴിച്ചു,എന്തിന് ചെലവഴിച്ചുവെന്നതും കണ്ടെത്തണം.
ഡിവൈ.എസ്.പി അഥവാ എ.സി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നോഡൽ ഓഫിസറായാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കൃത്യമായി ധനകാര്യ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും കൈയിൽ ഉണ്ടായിട്ടും എന്തിനാണ് ഈ ഇരട്ടി പണിയെന്നതാണ് ഉയരുന്ന ചോദ്യം. പുതിയ ഇന്റലിജൻസ് മേധാവി പി.വിജയനാണ് സ്റ്റുഡൻ്റ് പൊലിസ് പദ്ധതി കൊണ്ടുവന്നത്.
കൂടാതെ റോഡ് അപകടങ്ങളുടെ വിവരങ്ങളെ കുറിച്ചും വിവരശേഖരണം വേണമെന്നാണ് പുതിയ നിർദേശം. റോഡ് അപകടം ഉണ്ടായ സമയം മുതൽ, അപകടത്തിന് കാരണമായ വാഹനം, അപകടം സംഭവിച്ച റോഡ് ദേശീയ പാതയോ സംസ്ഥാന പാതയോ എന്നിവയെല്ലാം വ്യക്തമാക്കണം. സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ വിവരങ്ങൾ പൊലിസിന്റെ തന്നെ ഐ റാഡ് ആപ്ലിക്കേഷൻ വഴിയും മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് വഴിയും രേഖപ്പെടുത്തുന്നുണ്ട്. ഇതു കൂടാതെയാണ് രഹസ്യന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."