ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ
ലണ്ടന്‍: ഒരു ദിവസം 16 സൂര്യോദയം കാണുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് സഞ്ചാരികളെ കുറിച്ചുള്ള ശാസ്ത്ര നോവലിന് ബുക്കര്‍ പുരസ്‌കാരം. ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയുടെ ഓര്‍ബിറ്റല്‍ എന്ന നോവലാണ് ഇത്തവണ ബുക്കര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അരലക്ഷം പൗണ്ട് (54 ലക്ഷം രൂപ) ആണ് സമ്മാനത്തുക.
ബഹിരാകശത്തു നിന്ന് മനുഷ്യന്റെ ജീവിതം നോക്കിക്കാണുമ്പോഴുള്ള അനുഭവങ്ങളാണ് നോവലിന്റെ കാതല്‍. ബ്രിട്ടനിലെയും അയര്‍ലന്റിലെയും ഈ വര്‍ഷത്തെ ഏറ്റവും മികച്ച നോവലായി ഓര്‍ബിറ്റലിനെ തെരഞ്ഞെടുത്തിരുന്നു. ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ഒരു ദിവസത്തെയാണ് നോവലില്‍ ചിത്രീകരിച്ചത്. ഒരു ദിവസം 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണുന്ന അവരുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും നോവലിലുണ്ട്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ് 136 പേജുള്ള ഓര്‍ബിറ്റല്‍.
ലോക്ഡൗണ്‍ കാലത്ത് തുടങ്ങിയ നോവല്‍ 2023 നവംബറിലാണ് പൂര്‍ത്തിയായത്. നമ്മുടെ ലോകത്തെ വിചിത്രവും പുതിയതുമാക്കുന്ന അത്ഭുതകരമായ നോവല്‍ എന്നാണ് ജൂറി വിശേഷിപ്പിച്ചത്. ഐകകണ്‌ഠ്യേനയാണ് ഓര്‍ബിറ്റല്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ബഹിരാകാശ സഞ്ചാരിയല്ലെങ്കിലും അന്താരാഷ്ട്ര നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ വിഡിയോകള്‍ നോവലെഴുതാന്‍ പ്രചോദനമായി. ശാസ്ത്ര വിഡിയോകള്‍ക്ക് പുറമേ, ബഹിരാകാശ യാത്രികര്‍ എഴുതിയ പുസ്തകങ്ങളും മറ്റും എഴുത്തിന് പരിഗണിച്ചിരുന്നു.
നേരത്തെ ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോണ്‍ഡെന്‍ പുരസ്‌കാരവും ഓര്‍ബിറ്റല്‍ സ്വന്തമാക്കിയിരുന്നു. 2019 ന് ശേഷം ഇതാദ്യമായാണ് ഒരു വനിത ബുക്കര്‍ പുരസ്‌കാരം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 1969 ല്‍ ബുക്കര്‍ പുരസ്‌കാരം നല്‍കി തുടങ്ങിയ ശേഷം ഇതുവരെ 19 വനിതകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."