ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ
മുംബൈ: അതിവേഗ ഇൻ്റർസിറ്റി യാത്രയ്ക്കായി രൂപകൽപ്പന ചെയ്ത വന്ദേ മെട്രോ ട്രെയിനിൻ്റെ ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കായിരുന്നു ആദ്യ ട്രയൽ റൺ. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിലാണ് വന്ദേ മെട്രോ സഞ്ചരിച്ചത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ അതേ മാതൃകയിലാണ് വന്ദേ മെട്രോ ട്രെയിനും രൂപകൽപ്പന ചെയ്തിട്ടുള്ളത്.
അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളോടെയുള്ള 12 എയർകണ്ടീഷൻ കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക. സിസിടിവി ക്യാമറകൾ, മീഡിയ റെസ്പോൺസ് സിസ്റ്റം, റിയൽ ടൈം പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങൾ വന്ദേ മെട്രോയിലുണ്ട്. 250 മുതൽ 350 കിലോ മീറ്റർ വരെയുള്ള ഇൻ്റർസിറ്റി യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് വന്ദേ മെട്രോയുടെ വേഗത ക്രമീകരിച്ചിരിക്കുന്നത്. ഇത്രയും ദൂരം 3-5 മണിക്കൂറുകൾ കൊണ്ട് എത്തിച്ചേരാൻ സാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ട്രെയിനുകളിലെ വൈബ്രേഷൻ, വേഗത തുടങ്ങി മൊത്തം പ്രകടനം വിലയിരുത്താനായി സെൻസറുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇന്ത്യൻ റെയിൽവേയുടെ റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."