ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍ ചൂടുവെള്ളം എത്തിക്കും
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരി വെക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ ടാറ്റയുടെ 5 വിരി ഷെഡിലായി 5000 പേര്‍ക്ക് വിരി വക്കാനുള്ള സൗകര്യമുണ്ട്. മഹാദേവക്ഷേത്രത്തിന്റെ നടപന്തലില്‍ ആയിരം പേര്‍ക്കാണ് വിരിവയ്ക്കാനുള്ള സൗകര്യം. നിലക്കലില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപം 3000 പേര്‍ക്ക് കൂടി വിരിവയ്ക്കുവാന്‍ ഉള്ള ജര്‍മന്‍ പന്തല്‍ സജ്ജീകരിച്ചു.
ഇതോടൊപ്പം പമ്പയില്‍ പുതുതായി നാലു നടപ്പന്തലുകള്‍ കൂടി ക്രമീകരിക്കുന്നതോടെ 4000 പേര്‍ക്ക് വരിനില്‍ക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് കൂടി വിരിവയ്ക്കാന്‍ കഴിയുന്ന താല്‍ക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങള്‍ക്ക് സുഗമമായി വിരിവയ്ക്കല്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ദാഹമകറ്റാന്‍ ചൂടുവെള്ളം എത്തിക്കും
ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. വരി നില്‍ക്കുന്ന ഭക്തര്‍ക്കായി ബാരിക്കേടുകള്‍ക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകള്‍ വഴി ക്യൂ നില്‍ക്കുന്നവര്‍ക്ക് ചൂടുവെള്ളം നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതല്‍ വലിയ നടപന്തല്‍ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും.
2000 സ്റ്റീല്‍ ബോട്ടിലില്‍ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തര്‍ക്ക് നല്‍കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായി. മലയിറങ്ങുമ്പോള്‍ ബോട്ടില്‍ തിരികെ ഏല്‍പ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതല്‍ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. നിലവില്‍ മണിക്കൂറില്‍ 4000 ലിറ്റര്‍ സംഭരണശേഷിയുള്ള ശരംകുത്തിയിലെ ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റര്‍ ആക്കി ഉയര്‍ത്തി. ആയിരം പേര്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതല്‍ ഇത്തവണ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ വനിതകള്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷന്‍ സെന്ററില്‍ 50 പേര്‍ക്കുള്ള സൗകര്യം കൂടി ഒരുക്കും.
നിലയ്ക്കലില്‍ 1045 ടോയ്ലറ്റുകള്‍ സജ്ജീകരിച്ചു. പമ്പയിലുള്ള 580 ടോയ്ലറ്റുകളില്‍ നൂറെണ്ണം സ്ത്രീകള്‍ക്കുള്ളതാണ്. സന്നിധാനത്ത് 1005 ടോയ്ലെറ്റുകള്‍ നിലവിലുണ്ട്. പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി അന്‍പതിലധികം ബയോ ടോയ്ലെറ്റുകളും ബയോ യൂറിനലുകളും സ്ഥാപിച്ചു.
ഭക്തര്‍ക്ക് ലഘുഭക്ഷണത്തിനായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റ് നിലവില്‍ കരുതിയിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ ബഫര്‍ സ്റ്റോക്ക് ആരംഭിച്ചു. വൃശ്ചികം ഒന്നാകുമ്പോള്‍ 40 ലക്ഷം കണ്ടെയ്നര്‍ ബഫര്‍ സ്റ്റോക്കില്‍ ഉറപ്പാക്കാനാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."