പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത
പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രി പൊലിസ് റെയ്ഡ് നടത്തിയ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നാഭിപ്രായം. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരിലായിരുന്നു റെയ്ഡ്. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറയുന്നത്. കള്ളപ്പണം എത്തിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ജില്ലാ പൊലിസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുമുണ്ട്.
ഷാഫി പറമ്പില്‍ പൊലിസിനു തെറ്റായ വിവരം നല്‍കി നാടകം കളിക്കുകയാണെന്നാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി ഡോ.പി.സരിന്‍ ആരോപിക്കുന്നത്. സി.പി.എം, ബി.ജെ.പി ബന്ധം ആരോപിക്കാന്‍ കഴിയത്തക്കവിധം പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വം പുകമറ സൃഷ്ടിച്ചതാണോ സംഭവമെന്ന് പൊലിസ് അന്വേഷിക്കണം.
കഴിഞ്ഞ മൂന്നു തവണ ജയിച്ച എം.എല്‍.എയുടെ രീതിയാണിത്. ആ മാസ്റ്റര്‍ പ്ലാനില്‍നിന്ന് വരുന്ന കാര്യങ്ങളില്‍പ്പെട്ടതാണോ ഇതെന്നതും ഒരുവശത്ത് നില്‍ക്കുന്നു.
യു.ഡി.എഫ് ക്യാംപില്‍നിന്ന് തെറ്റായ വിവരം കൈമാറിയുള്ള നാടകമാവാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് നാലു കോടി രൂപ ഷാഫി പറമ്പിലിന് നല്‍കിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. ആ പണം പാലക്കാട് ഉപ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് സാധ്യത. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയതായാണ് അറിയുന്നതെന്നും സരിന്‍ ആരോപിക്കുന്നു.
ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന സി.പി.എം നേതാക്കളുടെ പരാതിയില്‍ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കള്ളപ്പണമായിരുന്നെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലിസ് കരുതുന്നത്.കേസെടുത്താലും എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ സി.പി.എം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെടുത്താല്‍ മതിയെന്ന നിലപാടിലാണ് പൊലിസ്. കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയ ഹോട്ടലിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സി.പി.എം പുറത്തു വിട്ടതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് കിട്ടുന്നതിന് മുമ്പ് സി.പി.എം നേതാക്കള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നത്.ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തിയിട്ട് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പൊലിസ് വെളിപ്പെടുത്തലും സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."