വാഹന കൈമാറ്റം: മറക്കരുത്, ഉടമസ്ഥാവകാശം മാറ്റാൻ
തിരുവനന്തപുരം: വാഹനം കൈമാറുമ്പോൾ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. നമ്മുടെ പക്കലുള്ള വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ, ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരിൽ എല്ലാം ശരിയായെന്ന് കരുതരുതെന്നും വകുപ്പ് ഓർമിപ്പിക്കുന്നു. അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കോ വാഹനം കൈമാറിയാലും ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ നേരിടാം.
പലരും ഉടമസ്ഥവകാശം മാറുന്നതിന് വേണ്ടത്ര പ്രാധാന്യം കൽപിക്കുന്നില്ല. വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ 14 ദിവസത്തിനുള്ളിൽ ആർ.സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് അപേക്ഷ തയാറാക്കി ആർ.ടി ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
വാഹനം വാങ്ങുന്ന വ്യക്തിക്ക് ഫോണിൽ ഒ.ടി.പി വന്ന് കൈമാറ്റ നടപടികൾ പൂർത്തിയായാൽ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നു മുതൽ വാങ്ങിയ വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്നും വാങ്ങുന്നയാൾ ഉറപ്പുവരുത്തേണ്ടതാണ്.
വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ.സി ഓണർ ആയതിനാൽ, വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നൽകിയാലും ആരും വീണു പോകരുതെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ പതിപ്പ് മതി
തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ പൊലിസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഫോണിലുള്ള ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍.ഐ.സി സാരഥി പോർട്ടൽ വഴി എവിടെനിന്നു വേണമെങ്കിലും ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് എടുക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് കോപ്പിയായാലും മതിയാകും.
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് ഘടനയും ഉത്തരവിലുണ്ട്. പുതിയ ലേണേഴ്‌സ് ലൈസന്‍സിന് 150 രൂപയാണ് ഫീസ്. പുതിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയും ലേണേഴ്‌സ് പരീക്ഷാ ഫീസ് 50 രൂപയുമാണ്. നിലവില്‍ പി.വി.സി കാര്‍ഡിലാണ് ഡ്രൈവിങ് ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. ഇത് മാറ്റി കാലാനുസൃതമായി മാറ്റി ഡിജിറ്റല്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."