സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്
കൊച്ചി: പരിമിതികൾ ഏറെയുണ്ട്. എന്നാലും ജ്യോതിഷ് കുമാർ തലയുയർത്തി നിന്നു. സവിശേഷപരിഗണ അർഹിക്കുന്നവർക്കായുള്ള 14 വയസിനു മുകളിലുള്ളവരുടെ ബാഡ്മിന്റൺ മത്സരത്തിലാണ് കോട്ടയം മുരുക്കും വയൽ ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ജ്യോതിഷ് കുമാർ താരമായത്.
കോച്ച് ജാക്സൺ ആണ് ജ്യോതിഷിന്റെ ബാഡ്മിന്റനിലുള്ള താൽപര്യം തിരിച്ചറിഞ്ഞത്. മുണ്ടക്കയത്ത് ജാക്സൺ നടത്തുന്ന ക്രോസ് കോർട്ട് എന്ന കോച്ചിങ് സെന്ററിൽ സ്ഥിരം സന്ദർശകനായിരുന്നു ജ്യോതിഷ്. ഏഴുമാസം മുമ്പാണ് ബാഡ്മിന്റണിലെ താൽപര്യം തിരിച്ചറിഞ്ഞത്.
തുടർന്ന് തന്റെ പരിമിതികൾ വകവയ്ക്കാതെ ജ്യോതിഷ് സാധാരണ കുട്ടികൾക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു. കളിക്കാൻ മടി കാണിക്കാത്ത കുട്ടിയാണ് ജ്യോതിഷ് എന്നും ഏറെ പ്രതീക്ഷയുണ്ടെന്നും ജാക്സൺ പറഞ്ഞു.
26 ന് തിരുവനന്തപുരത്തു നടക്കുന്ന പാര ബാഡ്മിന്റനിലും ജ്യോതിഷ് മത്സരിക്കുന്നുണ്ട്. ഇവിടെ വിജയിച്ചാൽ ദേശീയ മത്സരത്തിലും പങ്കെടുക്കാൻ കഴിയും.
ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ പാർവതി നായർക്കൊപ്പം കളിച്ച് കണ്ണൂരിനെതിരേ രണ്ടു സെറ്റുകളും നേടി (21,19) (21,15) സെമി ഫൈനലിൽ പ്രവേശിച്ചു. ഹർഷാരവങ്ങളാലും 'അപ് അപ് ജ്യോതിഷ് ' വിളികളാലും ഗ്യാലറി ആവേശ ത്തിമിർപ്പിലായിരുന്നു. സുരേഷ് ടി.കെയുടെയും രജനിയുടെയും രണ്ടാമത്തെ മകനായ ജ്യോതിഷിന് ഫുട്ബോളും പാട്ടുമൊക്കെ പ്രിയമാണ്. ടി.വി ഷോയിൽ പാട്ടുപരിപാടിക്കും ജ്യോതിഷ് പങ്കെടുത്തിട്ടുണ്ട്.
എസ്.എസ്.എൽ.സിക്ക് 70 ശതമാനം മാർക്കു നേടിയ ജ്യോതിഷ് പഠിക്കാനും മിടുക്കനാണ്. പരമിതികളെല്ലാം മറന്ന് ജീവിതം ആഘോഷമാക്കണമെന്നാണ് ജ്യോതിഷ് പക്ഷം. ബാഡ്മിന്റൺ കോച്ച് ആകാനാണ് ആഗ്രഹമെന്നും ജ്യോ തിഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."