ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു
തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും പുലർത്തിയ അലംഭാവത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു. 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി കോടികൾ ഒഴുക്കിയെന്നു വ്യക്തമാക്കി അന്നത്തെ ഡി.ജി.പി അനിൽകാന്ത് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് നൽകിയ കത്തു പുറത്തുവന്നു.
2021 ഓഗസ്റ്റ് ഒമ്പതിനാണ് ഡി.ജി.പി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കു കത്തു നൽകിയത്. കർണാടകയിൽനിന്നുള്ള വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചുവെന്നും 2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി ഭാരവാഹികളുടെ അറിവോടെയാണ് ഈ പണം എത്തിയതെന്നും കത്തിൽ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്ക് എത്തിച്ച കുഴൽപ്പണത്തിൽ മൂന്നരക്കോടി രൂപ കൊടകരയിൽവച്ച് തട്ടിയെടുത്ത കാര്യവും കത്തിൽ പരാമർശിക്കുന്നുണ്ട്.
ബി.ജെ.പി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംസ്ഥാനത്ത് വീണ്ടും കൊടകര കള്ളപ്പണക്കേസ് ചർച്ചയായത്. കേസിൽ തുടരന്വേഷണം നടത്താമെന്ന നിയമോപദേശം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. അന്വേഷണത്തിന് അനുമതി തേടി അടുത്തദിവസം സ്പെഷൽ പ്രോസിക്യൂട്ടർ മുഖേന അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയെ സമീപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."