ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ
മലപ്പുറം: സംസ്ഥാനത്ത് 30 വയസ് കഴിഞ്ഞവരിലേറെയും ജീവിതശൈലി രോഗങ്ങളുടെ പിടിയിലെന്ന് ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധനയിൽ കണ്ടെത്തി. 30ന് മുകളിൽ പ്രായമുള്ളവരുടെ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ആർദ്രം രണ്ടാംഘട്ടത്തിന്റെ ആദ്യ അഞ്ച് മാസത്തെ കണക്കാണ് സർക്കാർ പുറത്തുവിട്ടത്.
ജനസംഖ്യാധിഷ്ടിത ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയായ ആർദ്രം രണ്ടാംഘട്ടം കഴിഞ്ഞ ജൂൺ മുതലാണ് ആംരഭിച്ചത്.
സംസ്ഥാനത്തെ 30ന് മുകളിൽ പ്രായമുള്ള 1,77,30,149 പേരെയാണ് പദ്ധതിയിലൂടെ സർവേ നടത്തുന്നത്. ഇതിൽ 32,98,122 പേരുടെ സർവേ ഇതിനകം പൂർത്തിയായി. ഇതിലാണ് 15,88,427 പേർക്കും ജീവിത ശൈലീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
രക്തസമ്മർദ്ദമുള്ളവരായി 4,30,011 പേരെയാണ് കണ്ടെത്തിയത്. പ്രമേഹം രോഗികളായവർ 2,86,003 പേരുണ്ട്. കാൻസർ 77,357, ക്ഷയം 1,07,012, ശ്വാസകോശ രോഗങ്ങൾ 1,44,481 പേരിലും കണ്ടെത്തി. 14 ജില്ലകളിലും ആശാവർക്കർമാരുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. സർവേക്ക് ശേഷം ഇവരുടെ സ്‌ക്രീനിങ് ജനകീയാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ ഓഫിസർസർ, സ്റ്റാഫ് നഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്തിൽ നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."