സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ
കണ്ണൂർ: എക്സൈസ് ശക്തമായ നടപടികളെടുക്കുമ്പോഴും സംസ്ഥാനത്ത് സിന്തറ്റിക് ലഹരി വസ്തുക്കൾ യഥേഷ്ടം എത്തുകയും വിൽപന നടക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിന്തറ്റിക് ലഹരി വിൽപനയുമായി ബന്ധപ്പെട്ട് മാത്രം 274 പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഏറ്റവും കൂടുതൽ സിന്തറ്റിക് ഡ്രഗ്‌സ് കേസുകൾ കണ്ണൂരിലാണ്. നാൽപതിലധികം കേസുകളാണ് ജില്ലയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതിൽ 43 ഓളം പ്രതികളെ പിടികൂടിയിട്ടുമുണ്ട്. തൊട്ടുപിറകിലായി കോട്ടയം, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളുമുണ്ട്. കണ്ണൂർ ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മലപ്പുറത്തും വയനാടുമാണ്. മുപ്പതിലധികം കേസുകളാണ് ഇവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിന്തറ്റിക് ലഹരി കൂടുതൽ ഉപയോഗിക്കുന്നത് യുവതലമുറയാണ്.
വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും എവിടെയും ഒളിപ്പിച്ച് വെക്കാവുന്നതുമാണിവ. മറ്റ് ലഹരികളെ അപേക്ഷിച്ച് വീര്യം കൂടുതലുമാണ്. അളവിൽ അൽപം കൂടിയാൽ മരണം വരെ സംഭവിക്കാം. മരിജുവാന, എൽ.എസ്.ഡി സ്റ്റാമ്പുകൾ, എം.ഡി.എം.എ പോലുള്ളവയാണ് സിന്തറ്റിക് ഡ്രഗ്ഗുകളിൽ പ്രധാനികൾ. ഒരു ഗ്രാം എം.എഡി.എം.എ.എയ്ക്ക് 5000 രൂപ വരെ ഈടാക്കുന്നുണ്ട്.
ഡിമാന്റ് അനുസരിച്ച് വിലയും വർധിക്കും. ഇത് ഉപയോഗിക്കുന്നവർക്ക് ഛർദി, വിറയൽ, ഉയർന്ന രക്തസമ്മർദ്ദം, ആത്മഹത്യാ ചിന്ത എന്നിവയുണ്ടാകും. ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എക്‌സൈസ് വകുപ്പ് മറ്റ് വകുപ്പുകളുമായി ചേർന്ന് സ്‌കൂൾ കോളജ് പരിസരങ്ങളിൽ കൃത്യമായി പരിശോധനകളും ബോധവൽക്കരണവും നടത്തുന്നുണ്ടെങ്കിലും ഇതൊന്നും അത്ര കാര്യക്ഷമമാകുന്നില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."