കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി
ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ ലീഡറായി കെമി ബദനോക് തെരഞ്ഞെടുക്കപ്പെട്ടു. നാല്‍ത്തിനാലുകാരിയായ കെമി ബ്രിട്ടനിലെ ഏതെങ്കിലും ഒരു വലിയ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ്.
ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയന്‍ വംശജയാണ്. മുന്‍ ഇമിഗ്രേഷന്‍ വകുപ്പു മന്ത്രിയായ റോബര്‍ട്ട് ജെന്റിക്കിനെ മറികടന്നാണ് കെമി ബദനോക് ഈ പദവിയില്‍ എത്തുന്നത്. സുനകിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ കെമിയും മുന്‍മന്ത്രി റോബര്‍ട്ട് ജെന്റിക്കുമാണ് ഉണ്ടായിരുന്നത്. കെമി 53,806 വോട്ടുകളും റോബര്‍ട്ട് ജെന്റിക്കിന് 41,388 വോട്ടുകളും നേടി.
മുന്‍ പ്രധാനമന്ത്രിയായ റിഷി സുനകിന് പകരക്കാരിയായ കെമിക്കു മുന്നില്‍ ഏറെ വെല്ലുവിളികളാണുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെമി ബദനോകിനു മുന്നിലുള്ളത്.
'സത്യം പറയാനുള്ള സമയമായിരിക്കുന്നു. നമുക്ക് മുന്നിലുള്ള ദൗത്യം കഠിനവും എന്നാല്‍ ലളിതവുമാണ്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ പ്രതിജ്ഞാബദ്ധമാക്കാനായി സത്യസന്ധതയുള്ള പ്രതിപക്ഷമാവുക എന്നതാണ് നമുക്ക് ആദ്യം ചെയ്യാനുള്ളത്. നമ്മള്‍ തെറ്റുകള്‍ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലര്‍ത്തണം. നമ്മുടെ രണ്ടാമത്തെ ലക്ഷ്യവും ഒട്ടും ചെറുതല്ല. നമ്മുടെ പാര്‍ട്ടിയെ അധികാരത്തിലേറ്റുക എന്നതാണത്- പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കെമി പറഞ്ഞു.
നമ്മുടെ മഹത്തായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. ഞാന്‍ സ്‌നേഹിക്കുന്ന, എനിക്ക് ഒരുപാട് അവസരം തന്ന ഒരു പാര്‍ട്ടിയാണ്. മത്സരത്തില്‍ എതിരാളിയായിരുന്ന റോബര്‍ട്ട് ജെന്റിക്ക് വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി. മാറ്റത്തിനുള്ള സമയമാണിത്- തന്നെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ചര്‍മ്മത്തിന്റെ നിറം നമ്മുടെ മുടിയുടെ നിറത്തെക്കാളും കണ്ണുകളുടെ നിറത്തെക്കാളും പ്രാധാന്യമര്‍ഹിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍- അവര്‍ പറഞ്ഞു.
ബ്രിട്ടന്‍-ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. വിസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ത്തട്ടിയാണ് കരാര്‍ ചര്‍ച്ച സ്തംഭിച്ചതെന്ന് അവര്‍ ഈയിടെ പറഞ്ഞിരുന്നു. നൈജീരിയന്‍ ദമ്പതികളുടെ മകളായി യുകെയിലാണു കെമിയുടെ ജനനം. ഭര്‍ത്താവ് ഹാമിഷ് ബേഡനോക്, ഡോയ്‌ചെ ബാങ്ക് ഉദ്യോഗസ്ഥനും മുന്‍ കൗണ്‍സിലറുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."