ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ
കൊല്ലം: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ട്രെയിനുകള്‍ വഴിയുള്ള കുട്ടിക്കടത്തില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) രക്ഷപ്പെടുത്തിയത് 57,564 കുട്ടികളെ. ഇവരില്‍ 18,172 പേര്‍ പെണ്‍കുട്ടികളാണ്. ട്രെയിനുകള്‍ വഴിയുള്ള കുട്ടിക്കടത്തിന് നേതൃത്വം നല്‍കുന്നവരും ഏജന്റുമാരും അടക്കം 674 പേരെ അറസ്റ്റ് ചെയ്തു. 2022 മുതല്‍ ആര്‍.പി.എഫിന്റെ ഓപറേഷന്‍ എ.എ.എച്ച്.ടിയിലൂടെ 2,300ലധികം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്. ചൂഷണത്തിന് ഇരകളാകുന്ന കുട്ടികള്‍ അടക്കമുള്ളവരെ സംരക്ഷിക്കാന്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റുകള്‍ ശക്തിപ്പെടുത്താനാണ് റെയില്‍വേ സംരക്ഷണ സേനയുടെ തീരുമാനം. രാജ്യത്തുടനീളം 262 റെയില്‍വേ സ്റ്റേഷനുകളില്‍ മനുഷ്യക്കടത്ത് വിരുദ്ധ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നിര്‍ദേശം നൽകിയിരുന്നു.
ഇതില്‍ ചില സ്‌റ്റേഷനുകളില്‍ വിവിധ കാരണങ്ങളാൽ യൂനിറ്റ് സ്ഥാപിച്ചിട്ടില്ല. യൂനിറ്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വനിതാശിശു മന്ത്രാലയവും റെയില്‍വേയും സംയുക്തമായി സര്‍ക്കാരുകളുമായി ബന്ധപ്പെടാനുള്ള തീരുമാനത്തിലാണ്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യൂനിറ്റുകള്‍ സ്ഥാപിച്ച് കുട്ടിക്കടത്ത് പൂര്‍ണമായി തടയിടാനാണ് തീരുമാനം.
പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കുകള്‍ വിപുലീകരിക്കും. അതത് പ്രദേശത്തെ ശിശുക്ഷേമ സമിതികളുമായി സഹകരിച്ചായിരിക്കും ഇവ തുടങ്ങുക. കുട്ടികളുടെ സുരക്ഷയ്ക്കായി 2022ല്‍ ആര്‍.പി.എഫ് ആരംഭിച്ച 'മിഷന്‍ വാത്സല്യ' കൂടുതല്‍ പരിഷ്‌കരിച്ച് സംയോജിപ്പിച്ചായിരിക്കും ഹെൽപ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം.
സ്ത്രീ സുരക്ഷയ്ക്കായും പദ്ധതി
റെയില്‍വേയുടെ കണക്കു പ്രകാരം പ്രതിദിനം 2.30 കോടിയിലധികം പേരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇതില്‍ 30 ശതമാനവും സ്ത്രീകളാണ്. ഏറെയും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതും. ഇവരുടെ സുരക്ഷയ്ക്കായി 'ഓപറേഷന്‍ മേരി സഹേലി' പദ്ധതി കൂടുതല്‍ സജീവമാക്കാന്‍ ആര്‍.പി.എഫിന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നൽകിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ട് വിനിയോഗിച്ച് രാജ്യത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി ടി.വി കാമറകളും മുഖം തിരിച്ചറിയല്‍ സംവിധാനവും സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."