വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ
കൊച്ചി: അരനൂറ്റാണ്ടിലധികം പ്രതിസന്ധികളിൽ ഉലയാതെ വിശ്വാസികളെ ചേർത്തുനിർത്തിയ മഹാ ഇടയനാണ് വിടവാങ്ങിയ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. ഇതരസഭകളോടും മതവിശ്വാസസമൂഹങ്ങളോടും സഹവർത്തിത്വം നിലനിർത്തിതന്നെ സഭയ്ക്കുള്ളിലെ തർക്കങ്ങളിൽ വ്യക്തമായ നിലപാട് നിലനിർത്തിയാണ് അദ്ദേഹം ജീവിതം മാതൃകയാക്കിയത്.
ഇതരവിശ്വാസി സമൂഹത്തിന്റെ നേതൃത്വങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്തി. അഞ്ചലോട്ടക്കാരനിൽ നിന്ന് സഭയുടെ പരമാധ്യക്ഷനിലേക്കുള്ള വളർച്ച പടിപടിയായിരുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് ജീവിതം തുടങ്ങിയ അദ്ദേഹത്തിന് ദരിദ്രന്റെ മനസ് വേഗം തിരിച്ചറിയാൻ കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തും ആരോഗ്യശുശ്രൂഷാ രംഗത്തും സഭയ്ക്ക് വ്യക്തിമുദ്ര നേടാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിലൂടെയാണ്.
അന്ത്യോഖ്യയെയും മലങ്കരയെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്നതിൽ വിജയിച്ച അദ്ദേഹം സഭയുടെ വളർച്ചയിൽ നിർണായകപങ്കാണ് വഹിച്ചത്. 70കളിൽ മൂന്ന് മെത്രാപ്പൊലിത്തമാരും ചുരുക്കം ചില ഭദ്രാസനങ്ങളുമായി നിലകൊണ്ട യാക്കോബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രപ്പൊലീത്തമാരും ആയിരത്തിലധികം വൈദികരും അടങ്ങുന്ന വലിയ പ്രസ്ഥാനമാക്കി മാറ്റിയ അദ്ദേഹം വിദ്യാഭ്യാസ സാംസ്‌കാരിക ആരോഗ്യ ശുശ്രൂഷാ മേഖലയിലും സഭയ്ക്ക് വ്യക്തമായ മേൽക്കൈ നേടി നൽകി.
പ്രതിസന്ധി ഘട്ടത്തിൽ സഭയെയും വിശ്വാസികളെയും ഹൃദയത്തോട് ചേർത്തുപിടിച്ച നായകനെന്ന പരിവേഷമാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടേത്. പ്രായോഗികതയും ദീർഘവീക്ഷണവും ഒരേപോലെ സമന്വയിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു. സഭാ തർക്കങ്ങളിൽ ഉൾപ്പടെ കർക്കശ നിലപാട് സ്വീകരിച്ചു വിശ്വാസികൾക്കൊപ്പം നിലകൊണ്ടതോടെ 604 കേസുകളാണ് സഭാ അധ്യക്ഷനെതിരേ ചുമത്തപ്പെട്ടത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ 2019 മെയ് ഒന്നിന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."