'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത
ഇസ്റാഈലീ സൈന്യം കീറിമുറിച്ച ഗസ്സയിലെ ജനങ്ങള്‍ വലിയ മാനുഷിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ അഭയാര്‍ത്ഥീ ഏജന്‍സിയെ ഇസ്റാഈല്‍ നിരോധിച്ചത്.
ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യമരുന്നുകളും എത്തിക്കുന്നത് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയാണ്. ഇനി എന്റെ മകന് രോഗം വന്നാല്‍ ഞാന്‍ അവനെക്കൊണ്ട് എവിടെപ്പോകും? ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥിയായ യാസ്മിന്‍ അല്‍ അഷ്രി ചോദിക്കുന്നു.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയെ നിരോധിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് മറ്റൊരു യുദ്ധമാണെന്നാണ് സഈദ് അവിദ എന്ന മറ്റൊരു അഭയാര്‍ത്ഥി പറയുന്നത്. അന്താരാഷ്ട്ര എതിര്‍പ്പുകളെ മറികടന്നുകൊണ്ട് ഇസ്റാഈല്‍ അവതരിപ്പിച്ച നിയമത്തിന് പാര്‍ലമെന്റിനകത്ത് വ്യാപക പിന്തുണയാണ് ലഭിച്ചത്.
ഇതോടെ ഇസ്റാഈലീ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായുള്ള യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ ബന്ധം പൂര്‍ണമായും നഷ്ടമാകും.
ഒന്നാം അറബ്-ഇസ്റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് 1949-ലാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി രൂപംകൊണ്ടത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലമായി അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ പിന്‍തലമുറയില്‍പ്പെട്ട അറുപതു ലക്ഷത്തിലധികം ഫലസ്തീനികളെ ഏജന്സി സഹായിച്ചിട്ടുണ്ട്. ഗസ്സക്കു പുറമേ വെസ്റ്റ് ബാങ്കിലും ലെബനനിലും ജോര്‍ദാനിലും സിറിയയിലും ഏജന്‍സി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."