വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം
വയനാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മണ്ഡലത്തിലെത്തി. താളൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രിയങ്കയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. മീനങ്ങാടിയിലായിരുന്നു ആദ്യപരിപാടി. വയനാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യന്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടില്‍ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്. എല്ലാവരും സൗഹൃദത്തോടെ ജീവിക്കുന്ന നാടാണിത്. തുല്യതയില്‍ വിശ്വസിക്കുന്നവര്‍. കേരളത്തിലെ ജനങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വയനാട്ടിലെ ജനപ്രതിനിധിയാകുന്നതിലൂടെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി മാറും. നിങ്ങള്‍ എന്നെ തെരഞ്ഞെടുത്താല്‍ അതെനിക്ക് ലഭിക്കുന്ന ആദരവാകും- പ്രിയങ്ക പറഞ്ഞു.
രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ബി.ജെ.പി ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നു. രാജ്യത്ത് ഭയവും വിദ്വേഷവും പടര്‍ത്തുന്നത് എങ്ങനെയെന്നറിയാം. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി നയങ്ങള്‍ മാറ്റുന്നു. കര്‍ഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മയെ കണ്ട സന്തോഷവും പ്രിയങ്ക പങ്കുവച്ചു. ത്രേസ്യാമ്മ കെട്ടിപ്പിടിച്ചപ്പോള്‍ സ്വന്തം അമ്മ കെട്ടിപ്പിടിച്ചതുപോലെയാണ് തോന്നിയതെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ എനിക്കൊരു അമ്മയെ തന്നു. ത്രേസ്യാമ്മ കൊന്ത തന്നപ്പോള്‍ 19 വയസിലെ കാര്യം ഓര്‍മ്മ വന്നു. എന്റെ പിതാവ് മരിച്ചപ്പോ മദര്‍ തെരേസ എന്നെ കാണാന്‍ വന്നു. അവര്‍ എന്റെ തലയില്‍ കൈ വെച്ചു. ത്രേസ്യ കൊന്ത നല്‍കിയ പോലെ അന്നെനിക്ക് അവര്‍ കൊന്ത തന്നു. അന്ന് മദര്‍ തെരേസ അവരുടെ കൂടെ ചെന്ന് പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഞാന്‍ സിസ്റ്റേര്‍സ് ഓഫ് ചാരിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ പോയി.കൊച്ചു കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിച്ചാണ് ഞാന്‍ തുടങ്ങിയത്. പ്രവര്‍ത്തിക്കുമ്പോള്‍ കഷ്ടപാടും ദുഃഖവും എനിക്ക് മനസ്സിലായി. ചൂരല്‍മല ദുരന്തത്തിന് ശേഷം ഞാന്‍ സഹോദരനൊപ്പം ഇവിടെയെത്തിയിരുന്നു. വയനാട്ടിലെ ജനതയെ സഹായിക്കാന്‍ സമൂഹം എങ്ങനെയാണ് എത്തിയതെന്ന് എനിക്ക് മനസ്സിലായി.
എല്ലാവരും കുറ്റം പറഞ്ഞപ്പോള്‍ വയനാട് രാഹുലിനെ ചേര്‍ത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നല്‍കിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുല്‍ കാണുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതയ്ക്കും വേണ്ടിയാണ് പോരാട്ടം. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നില്‍ക്കേണ്ട സമയം ഉണ്ടെങ്കില്‍ അത് ഇപ്പോഴാണ്. വയനാട്ടില്‍ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങള്‍ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടില്‍ വീണ്ടുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."