അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര
കോഴിക്കോട്: വീടിനു മുൻപിലെ ആൾക്കൂട്ടത്തെ അമ്പരപ്പോടെ നോക്കുകയാണ് ഒരുവയസുകാരൻ അയാൻ. ആൾക്കൂട്ടത്തിൽ അച്ഛനെ മാത്രം കാണുന്നില്ല. ഇനി കാണില്ലെന്നും ആ കുരുന്നിനറിയില്ല. അടക്കിപ്പിടിച്ച കരച്ചിലുകളും ഭയാനകമായ മൂകതയും തളം കെട്ടിക്കിടക്കുകയാണ് കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ.
72 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. തിരിച്ചുവരില്ലെന്ന് അറിയാമായിരുന്നിട്ടും പ്രതീക്ഷയുടെ നേർത്ത കണം കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ ഒരിക്കലും തിരിച്ചെത്താൻ കഴിയാത്ത അത്ര ദൂരത്തേയ്ക്ക് അർജുൻ പോയിക്കഴിഞ്ഞെന്ന സത്യം കുടുംബം ഉൾക്കൊള്ളുകയാണ്. കാണാതായതു മുതൽ ഒന്നും ഉരിയാടാതെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന പിതാവ് പ്രേമനും മാതാവ് ഷീലയും വീട്ടിലെത്തുന്നവർക്ക് നൊമ്പരകാഴ്ച്ചയാണ്. ഒന്നുമറിയാതെ കളിച്ചുനടക്കുന്ന അയാനും പ്രിയതമൻ ഇനി കൂടെയില്ലെന്നറിഞ്ഞ് തളർന്ന കൃഷ്ണപ്രിയയേയും സഹോദരങ്ങളേയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയില്ല നാടിനും നാട്ടുകാർക്കും.
ജൂലൈ എട്ടിനാണ് അർജുൻ വീട്ടിൽനിന്ന് പോയത്. അന്നും ഒറ്റയ്ക്കാണ് യാത്ര. പതിവ് റൂട്ടായതിനാൽ എല്ലാം അർജുന് നിശ്ചയമായിരുന്നു. കൃത്യമായ ഇടവേളകളിൽ കുടുംബത്തെ വിളിച്ചിരുന്നു. ജൂലൈ 15ാം തിയതി രാത്രിവരെ ഭാര്യയുമായി സംസാരിച്ചിട്ടുണ്ട്. മരം കയറ്റി തിരിച്ചുവരുകയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 16 മുതൽ വിളിച്ചിട്ട് കിട്ടിയില്ല.
സ്ഥിരമായി കർണാടകയിൽ പോയി മരമെടുത്ത് വരുന്നയാളാണ് അർജുൻ. രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്. ആദ്യം അസ്വാഭാവികതയൊന്നും തോന്നിയില്ല. തുടരെ വിളിച്ചിട്ടും കിട്ടാതായതോടെയാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാകുന്നത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മണ്ണിടിച്ചിലിനെ കുറിച്ചറിഞ്ഞത്. അർജുൻ ലോറി നിർത്തി സ്ഥിരമായി വിശ്രമിക്കുന്ന സ്ഥലമായതിനാൽ കുടുംബത്തിന്റെ ആധിയേറി. കാണാതായ വിവരം വലിയ വാർത്തയായതോടെയാണ് തിരിച്ചിൽ വേഗത്തിലായത്. ആദ്യ ദിവസങ്ങളിലെല്ലാം അർജുൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രതീക്ഷകൾക്കു മങ്ങലേറ്റു. ജീവനില്ലെങ്കിലും അർജുൻ തങ്ങൾക്കൊപ്പം വേണമെന്ന കുടുംബത്തിന്റെ നിലപാടാണ് വീണ്ടും തിരച്ചിലിന് ജീവൻ നൽകിയത്. ആചാരപ്രകാരം ശേഷക്രിയകൾ നടത്തി ആത്മാവിന് നിത്യശാന്തി നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."