തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ളതെന്ന വ്യാജേനെ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന ഫോൺ കാളുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 24-നാണ് ഒമാനിലെ ഇന്ത്യൻ സമൂഹത്തിനായി എംബസി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് എംബസിയുടെ ഔദ്യോഗിക ഫോൺ നമ്പറുമായി സാമ്യം തോന്നുന്ന നമ്പറുകളിൽ നിന്ന് വ്യാജ ഫോൺ കാളുകൾ ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് എംബസി ഈ അറിയിപ്പിലൂടെ മുന്നറിയിപ്പ് നൽക്കുന്നു. പ്രവാസികളുടെ പാസ്സ്‌പോർട്ട്, എമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനായി പണം ആവശ്യപ്പെട്ടു കൊണ്ടാണ് സാധാരണയായി ഇത്തരം തട്ടിപ്പ് ഫോൺ കാളുകൾ വരുന്നതെന്ന് എംബസി കൂട്ടിച്ചേർത്തു.
എംബസിയുടെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെല്പ് ലൈൻ നമ്പറായ ‘80071234’ എന്ന നമ്പറുമായി സാമ്യം തോന്നിക്കുന്ന ‘+180071234’ എന്ന നമ്പറിൽ നിന്നാണ് ഈ തട്ടിപ്പ് കാളുകൾ വരുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ഉപയോഗിക്കുന്ന ‘80071234’ എന്ന ഔദ്യോഗിക ഫോൺ നമ്പർ പ്രവാസികളിൽ നിന്നുള്ള കാളുകൾ സ്വീകരിക്കുന്നതിന് മാത്രമായാണ് പ്രവർത്തിക്കുന്നതെന്നും ഈ നമ്പറിൽ നിന്ന് പുറത്തേക്കുള്ള കാളുകൾ പതിവില്ലെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.
‘+180071234’ എന്ന നമ്പറിൽ നിന്നുള്ള കാളുകൾ വ്യാജമാണെന്നും, ഇത്തരം കാളുകൾക്ക് മറുപടിയായി തങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും പങ്ക് വെക്കരുതെന്നും പ്രവാസികളോട് എംബസി നിർദ്ദേശിച്ചിട്ടുണ്ട്. എംബസിയിൽ ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം മാത്രം പണമിടപാടുകൾ നടത്താനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."