ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം
പ്രാര്‍ഥനയും പ്രതീക്ഷയും നിറഞ്ഞ 72 ദിവസങ്ങള്‍. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട്,കക്കോടി കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ വരവിനായുള്ള കാത്തിരിപ്പിന് അവസാനം. അര്‍ജുന്‍ ഇനിയില്ല എന്ന് പറയുമ്പോഴും കുടുംബത്തിന് കൃത്യമായ ഒരു ഉത്തരം നല്‍കിയതിന്റെ ആശ്വാസം മാത്രമാണുള്ളത്. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് മൃതദേഹവും ലോറിയും കണ്ടെടുത്തത്.
ജൂലൈ 8 നാണ് അര്‍ജുന്‍ വീട്ടില്‍നിന്ന് കര്‍ണ്ണാടകയിലേക്ക് മരം കയറ്റാനായി പോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണ്‍ ചെയ്യുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 15ാം തിയതി രാത്രിവരെ ഭാര്യ കൃഷ്ണപ്രിയയുമായി സംസാരിച്ചിട്ടുണ്ട്. മരം കയറ്റി തിരിച്ചു വരുകയാണെന്നാണ് പറഞ്ഞത്. എന്നാല്‍ 16 മുതല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. സ്ഥിരമായി കര്‍ണാടകയില്‍ പോയി ലോറിയില്‍ മരമെടുത്ത് വരുന്നയാളാണ് അര്‍ജുന്‍. അങ്ങനെ പോകുമ്പോള്‍ രണ്ടാഴ്ചയ്ക്കകം തിരിച്ചെത്താറുണ്ട്. അതുകൊണ്ട് തന്നെ ആദ്യം വിളിച്ചിട്ട് കിട്ടാതായപ്പോള്‍ പതറിയിരുന്നില്ല. പിന്നീട് തുടരെ വിളിച്ചപ്പോള്‍ ലഭിക്കാതായതോടെയാണ് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മനസിലാകുന്നത്. അന്വേഷണം ആരംഭിച്ചപ്പോള്‍ കര്‍ണാടകയിലെ മണ്ണിടിച്ചലിനെ കുറിച്ച് അറിഞ്ഞു.
പിന്നീട് നിരന്തരം ഫോണ്‍ ചെയ്തിട്ടും റിംഗ് ചെയ്തതെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. മറുപടിയുണ്ടായില്ല. രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. രണ്ടാമത്തെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വീണ്ടും ഇന്നലെ രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്ത്പിന്നെ സ്വിച്ച് ഓഫായെന്നും സഹോദരി പറഞ്ഞു.
അര്‍ജുനെ കാണാതായ വിവരം കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് ഇഴഞ്ഞു നീങ്ങിയ തിരിച്ചില്‍ വേഗത്തിലായത് മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായതോടെ തിരച്ചില്‍ ഗംഗാവലിപുഴയിലേക്ക് മാറ്റി. അപകടം നടന്ന് അഞ്ച് ദിവസത്തിനപ്പുറം സൈന്യമെത്തി. തിരിച്ചിലിനൊടുവില്‍ മണ്ണിനടിയില്‍ ലോറിയില്ലെന്നും ഗംഗാവലി പുഴിയിലാണെന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു. എന്നാല്‍ കനത്ത മഴയും അടിയൊഴുക്കും നദിയിലെ തിരച്ചിന് തടസമായി. മലയാളിയായ റിട്ട മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനും സംഘവുമെത്തിയിട്ടും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പയുടെ ഒറ്റയാള്‍ ശ്രമങ്ങളും ഫലം കണ്ടില്ല.
ശക്തമായ അടിയൊഴുക്കുകാരണം നേവിക്കും ഈശ്വര്‍ മാല്‍പെയ്ക്കും വെള്ളത്തില്‍ മുങ്ങി തിരച്ചില്‍ നടത്താനായില്ല. തുടര്‍ന്ന് താല്‍ക്കാലികമായി തിരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു. ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന നിലപാട് എടുത്തതോടെയാണ് വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ അര്‍ജുന്‍ ഓടിച്ച ലോറിയില്‍ കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഡ്രെഡ്ജര്‍ ഉപയോഗിച്ച് ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവിലായിരുന്നു ഇന്ന് ഉച്ചയോടെ അര്‍ജുനേയും ലോറിയേയും കണ്ടെടുത്തത്.
കരളലിയിക്കുന്ന രംഗങ്ങളാണ് ഷിരൂരില്‍. തിരച്ചില്‍ ആരംഭിച്ചതുമുതല്‍ എല്ലാത്തിനും സാക്ഷിയായി നില്‍ക്കുന്ന സഹോദരി ഭര്‍ത്താവ് ജിതിനും ലോറി ഉടമ മനാഫും വിതുമ്പലോടെയാണ് അര്‍ജുനാണെന്ന് സ്ഥിരീകരിക്കുന്നത്.
'അര്‍ജുന്‍ തിരികെ വരില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷെ എന്തെങ്കിലും അവശേഷിപ്പി കണ്ടെത്തും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു എന്നും ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു.'
അര്‍ജുന്റെ കുടുംബത്തിന് ഉത്തരം കിട്ടുക എന്നതായിരുന്നു ഇത്രയും ദിവസത്തെ തിരച്ചിലിന്റെ ലക്ഷ്യം, ഒരിക്കലും സന്തോഷമല്ല, സമാധാനമാണ് ... ഉത്തരമായി എന്നതോര്‍ത്ത് സമാധാനം മാത്രമാണുള്ളത് എന്ന് മനാഫ് പ്രതികരിച്ചു. മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം കണ്ട് നില്‍ക്കുന്നവര്‍ക്ക് പോലും കണ്ണീരടക്കാനാവാത്ത സാഹചര്യമാണ് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍. അച്ഛന്‍ വരുന്നതും കാത്തിരിക്കുന്ന മകന്‍, മകനെ കാത്ത് എന്നും വാതില്‍ക്കലേക്കെത്തിനോക്കുന്ന മാതാപിതാക്കള്‍, തന്റെ നല്ലപാതിയെ കാത്ത് താലി മാറോട് ചേര്‍ത്ത് പിടിക്കുന്ന ഭാര്യ, സഹോദരങ്ങള്‍ സുഹൃത്തുക്കള്‍ ഇവരെ എന്ത് പറഞ്ഞാശ്വസിപ്പിക്കാനാണ്. കുടുംബത്തിനായി 20ാമത്തെ വയസ്സില്‍ വളയം പിടിച്ചതാണ് അര്‍ജുന്‍. വീടിന്റെ നെടുംതൂണായ അര്‍ജുന്റെ മടങ്ങിവരവോര്‍ത്ത് 70 ദിനരാത്രങ്ങള്‍ തള്ളിനീക്കിയവരാണവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."