ചില്ലറക്കാരല്ല ഹിസ്ബുല്ല; ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ
ഗസ്സയിലെ വംശഹത്യാ ആക്രമണങ്ങള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകാനൊരുങ്ങുമ്പോള്‍ തങ്ങളുടെ യുദ്ധ ഭൂമികയെ ലബനാനിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് എന്ന അവകാശവാദവുമായി തീര്‍ത്തും ഏകപക്ഷീയമായെന്നു തന്നെ പറയാവുന്ന ഇസ്‌റാഈല്‍ ആക്രമണം ദിവസം പിന്നിടുമ്പോള്‍ 569ലേറെ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന സാധരാണക്കാര്‍.
എന്നാല്‍, ലബനാനിലെ പോരാട്ടം ഇസ്‌റാഈലിന് അത്രക്ക് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.
ഹമാസിനെതിരായ യുദ്ധം ഇസ്‌റാഈല്‍ സൈന്യത്തെ തളര്‍ത്തിയിട്ടുണ്ട്. സൈനികരുടെ ദൗര്‍ലഭ്യത ഇസ്‌റാഈല്‍ വലിയ തോതില്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തികവസ്ഥയും പരിതാപകരമായ നിലയിലാണ്. ഇതിന് പുറമേ ബന്ദികളെ തിരിച്ചെത്തിക്കാനും വെടിനിര്‍ത്തലിനുമായി വലിയ സമ്മര്‍ദമാണ് പൊതുജനങ്ങളില്‍ നിന്നും നെതന്യാഹു ഭരണകൂടം നേരിടുന്നത്. ഇതിനിടയിലാണ് പുതിയ പോര്‍മുഖം രാജ്യം തുറന്നിരിക്കുന്നത്.
ഗസ്സയിലെ യുദ്ധത്തിന്റെ തിരിച്ചടികളെ മറികടക്കാന്‍ മറ്റൊരു യുദ്ധമുണ്ടാക്കുക. കൂടാതെ ഗസ്സ എന്ന വൈകാരികതയില്‍ നിന്ന് ലോകത്തെ വഴിതിരിച്ചു വിടാന്‍ ഗസ്സക്ക് പുറത്ത് പറ്റിയ കളമൊരുക്കുക എന്നതെല്ലാം ലക്ഷ്യമിട്ടു കൂടിയാണ് ഇസ്‌റാഈലിന്റെ നീക്കം.
എന്നാല്‍ ഗസ്സയെ ഇല്ലാതാക്കാന്‍ ഒരുങ്ങി പുറപ്പെട്ട് ലക്ഷ്യം നേടാതെയാണ് ഇസ്‌റാഈല്‍ ലബനാനെതിരെ തിരിഞ്ഞിരിക്കുന്നത്. യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം നടപ്പാകുമെങ്കിലും ഈ ആക്രമണം ഇസ്‌റാഈലിനു ഗുണകരമാവില്ലെന്ന് രാഷ്ട്രീയ ലോകം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വളരെ മോശമായ പരിണതിയായിരിക്കും യുദ്ധം ഇസ്‌റാഈലിന് സമ്മാനിക്കുക.
ഹിസ്ബുല്ല ഹമാസല്ലെന്നും ഇസ്‌റാഈലിന് യുദ്ധം ജയിക്കുക എളുപ്പമാവില്ലെന്നും തെല്‍ അവീവിലെ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് മുതിര്‍ന്ന ഗവേഷകനും മൂന്ന് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ ദേശീയ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത യോയേല്‍ ഗുസാന്‍സ്‌കി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനകത്ത് തന്നെയുള്ള മറ്റൊരു രാജ്യമാണ് ഹിസ്ബുല്ല. അവര്‍ക്ക് കുറച്ച് കൂടി മെച്ചപ്പെട്ട ആയുധ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.
30,000 മുതല്‍ 50,000 വരെ സൈനികര്‍ ഹിസ്ബുല്ലക്ക് ഉണ്ടാവുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഒരു ലക്ഷം പേരുടെ പട തങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ നേതാവ് ഹസന്‍ നസറല്ല പറഞ്ഞിരുന്നു. രണ്ട് ലക്ഷത്തോളം റോക്കറ്റുകളും അവരുടെ കൈവശമുണ്ട്. 250 മുതല്‍ 300 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുള്ള 1500 ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും ഹിസ്ബുല്ലയുടെ കരുത്താണ്. ഇസ്‌റാലിന്റെ റാമത് ഡേവിഡ് എയര്‍ബേസ് ലക്ഷ്യമാക്കി അവര്‍ തൊടുത്ത ഫാദി 1, ഫാദി 2 എന്നീ മിസൈലുകള്‍ അവരുടെ കരുത്തുറ്റ ശേഖരത്തില്‍ നിന്നുള്ളതായിരുന്നു. ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന് 30 മൈല്‍ അകലെയായിരുന്നു റാമത് ഡേവിഡ്.
വളരെ ചെറിയ രാജ്യമായ ഇസ്‌റാഈലിന് ആള്‍ബലവും കുറവാണ്. അതുകൊണ്ട് തന്നെ ഗസ്സക്കൊപ്പം വടക്കന്‍ അതിര്‍ത്തിയില്‍ കൂടി അവര്‍ക്ക് കൂടുതല്‍ ശ്രദ്ധവെക്കേണ്ടി വരും രണ്ടാമതൊരു യുദ്ധം തുടങ്ങിയാല്‍. നേരത്തെ പറഞ്ഞതു പോലെ പ്രതിരോധസേനയിലെ ആള്‍ക്ഷാമത്തെ നികത്താന്‍ ഇസ്‌റാഈലിന് കഴിയാതെ വരും.
അടുത്തതായി സാമ്പത്തിക പ്രതിസന്ധി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കണക്ക് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വലിയ പ്രതിസന്ധിയാണ് ഇസ്‌റാഈല്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ലബാനാനില്‍ കൂടി യുദ്ധം തുടങ്ങിയാല്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്ന് ഉറപ്പാണ്.
അമേരിക്കയുടെ കൂടി ബലത്തിലാണ് ഇത്രയും നാള്‍ ഇസ്‌റാഈല്‍ കളിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പുതിയ യുദ്ധങ്ങളോട് അമേരിക്കക്ക് ഒട്ടും താല്‍പര്യവുമില്ല. അമേരിക്ക ആയുധം നല്‍കാതെ വന്നാല്‍ ഇസ്‌റാഈലിനു ഈ യുദ്ധത്തില്‍ നിന്നും നിര്‍ബന്ധമായും പിന്മാറേണ്ടി വരും.
ഇറാനാണ് ഹിസ്ബുല്ലയുടെ പ്രധാന പങ്കാളികളിലൊരാള്‍. യുദ്ധം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ ആളും അര്‍ഥവും നല്‍കി ഹിസ്ബുല്ലയെ പിന്തുണക്കാന്‍ ഇറാനുണ്ടാവും. ഇതിനൊപ്പം ലോകരാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ വര്‍ധിക്കാനും ലബനാന്‍ യുദ്ധം ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."