അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍
ബൈറൂത്: ലബനാന് മേല്‍ തീ വര്‍ഷിച്ചു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈല്‍. ഗസ്സക്കുമേല്‍ പെയ്തതു പോലെ അവിടുത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ മരണം പെയ്തു കൊണ്ടേയിരിക്കുന്നു. ലബനാനില്‍ രണ്ടു ദിവസമായി ഇസ്‌റാഈല്‍ തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരില്‍ 50 പേര്‍ കുട്ടികളാണെന്ന് ലബനാന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 1835 പേര്‍ക്ക് പരുക്കേറ്റു. പുറത്തുവരുന്ന കണക്കുകളാണിത്.
കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ കമാന്‍ഡറുമുണ്ടെന്ന് ഹിസ്ബുല്ല തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. തലസ്ഥാനമായ ബൈറൂത്തില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച തുടങ്ങിയ ആക്രമണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ യുദ്ധഭീതിയില്‍ തെക്കന്‍ ലബനാനില്‍നിന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. സ്‌കൂളുകളിലാണ് പലരും അഭയം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടം സുരക്ഷിതമാണെന്ന് ഇവര്‍ കരുതുന്നില്ല. താല്‍ക്കാലികമായൊരിടം ഇനിയെന്ത് സംഭവിക്കുമെന്ന് അറിയില്ല- വാര്‍ധക്യം ബാധിച്ചു തുടങ്ങിയ ഫാഹിദ ഇസ്സ പറയുന്നു. അവരുടെ നെറ്റിയില്‍ കല്‍ച്ചീളുകള്‍ തറച്ച പാടുകളുണ്ട്.
'ചുറ്റും യുദ്ധവിമാനങ്ങള്‍ ചീറിപായുകയാണ്. പുക നിറഞ്ഞ ഭീകരാന്തരീക്ഷം.ആര്‍ക്കും എവിടേയും പോകാനാവില്ല. ഞങ്ങള്‍ എന്താണ് ചെയ്യുക അവര്‍ ചോദിക്കുന്നു.
തെക്കന്‍ ലബനാനില്‍നിന്ന് കാറുകളില്‍ സാധനങ്ങള്‍ കുത്തിനിറച്ച് കുടുംബാംഗങ്ങളോടൊപ്പം ജനം പലായനം തുടങ്ങിയതോടെ തലസ്ഥാനമായ ബൈറൂത്തിലെ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. ഒഴിഞ്ഞുപോകുന്ന കുടുംബങ്ങള്‍ ബൈറൂത്തിലെ സ്‌കൂളുകളിലും തീര നഗരമായ സിദോണിലുമാണ് അഭയം തേടുന്നത്. ഹോട്ടലുകളും അഭയകേന്ദ്രങ്ങളും പെട്ടെന്ന് നിറഞ്ഞതോടെ, പല കുടുംബങ്ങളും കാറുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമാണ് രാത്രി കഴിച്ചുകൂട്ടിയത്.
അതിനിടെ ശക്തമായ തിരിച്ചടിയും ഹിസ്ബുല്ല നല്‍കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും ഇസ്‌റാഈലിലെ സ്‌ഫോടക നിര്‍മാണശാലയില്‍ ഉള്‍പ്പെടെ എട്ടുകേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ലബനാനില്‍ നിന്ന് 55 റോക്കറ്റ് ആക്രമണങ്ങളുണ്ടായെന്നും നിരവധി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നെന്നും ഇസ്‌റാഈല്‍ സൈന്യവും സ്ഥിരീകരിച്ചു. അതേസമയം, ഇസ്‌റാഈല്‍ ആക്രമണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും പ്രദേശത്ത് യുദ്ധഭീതിയും സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."