2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റോഹിന്‍ഗ്യകളെ നാടുകടത്തുന്ന വിഷയം: സുപ്രിം കോടതിയെ സമീപിച്ച് യു.എന്‍ പ്രതിനിധി

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്ന വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യു.എന്‍. ഇതിനായി യു.എന്‍ പ്രതിനിധി ഇ. ടെന്‍ഡായ് അച്യൂമെ സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. വംശീയത, പരദേശീ സ്പര്‍ദ്ദ, വംശീയ വിവേചനം എന്നിവയ്‌ക്കെതിരായ യു.എന്നിന്റെ പ്രത്യേക പ്രതിനിധിയാണ് അച്യൂമെ. രോഹിന്‍ഗ്യകള്‍ക്കെതിരായ നടപടി വംശീയ വിവേചനം തടയുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി വേണമെന്നും ഇക്കാര്യം ഉറപ്പക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിക്കണമെന്നും അപേക്ഷ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാറിനെ സഹായിക്കാന്‍ യു.എന്‍ അവരുടെ വിദഗ്ധരെ നിയോഗിക്കാന്‍ തയ്യാറാണെന്നും അപേക്ഷ ചൂണ്ടിക്കാട്ടി.

അപേക്ഷയില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്്‌ദെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടി. വംശീയ വിവേചനം ഒഴിവാക്കുന്നതിനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷനായ ഐ.സി.ഇ.ആര്‍.ഡിയുടെ അടിസ്ഥാനത്തില്‍ ചില തത്വങ്ങള്‍ പാലിക്കേണ്ട ബാധ്യതയുണ്ടെന്ന് അപേക്ഷ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം ഭരണഘടനയുടെ 2(1) അനുച്ഛേദപ്രകാരമുള്ള സിവില്‍, പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട ഐ.സി.സി.പി.ആര്‍, സാമ്പത്തിക സാമൂഹിക അവകാശങ്ങളുമായി ബന്ധപ്പെട്ട ഐ.സി.ഇ.എസ്.സി.ആര്‍, സ്ത്രീകള്‍ക്കെതിരായ വിവേചനം തടയാനുള്ള സി.ഇ.ഡി.എ.ഡ്ബ്ല്യു, കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട സി.ആര്‍.സി എന്നീ കണ്‍വെന്‍ഷനുകളും പാലിക്കാന്‍ ബാധ്യതയുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ട് മാത്രമേ അഭയാര്‍ത്ഥികളുടെ താമസം, പൗരത്വം, അഭയം, അഭയാര്‍ത്ഥി പദവി, നാടുകടത്തല്‍ എന്നിവ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അപേക്ഷ പറയുന്നു.

ഐ.സി.സി.പി.ആര്‍ പ്രകാരം ഒരു വ്യക്തിയെ അയാള്‍ക്ക് വിവേചനപൂര്‍ണമോ നിലവിരമില്ലാത്തതോ ആയ പെരുമാറ്റം ലഭിക്കാന്‍ സാധ്യതയുള്ള രാജ്യത്തേക്ക് തിരിച്ചയയ്ക്കാന്‍ പാടില്ല. ഐ.സി.ഇ.ആര്‍.ഡി പ്രകാരം പീഡനം അനുഭവിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളിലേക്കും അയയ്ക്കാന്‍ പാടില്ല. പൗരത്വനിയമഭേദഗതി പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ രോഹിന്‍ഗ്യകളെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.