റജിമോൻ കുട്ടപ്പൻ
അങ്ങനെ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടക്ക് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറായി. വാഷിങ്ടണിലെ വൈറ്റ്‌ഹൗസില്‍ അമേരിക്കന്‍ പ്രസിഡൻ്റ് ജോ ബൈഡനുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദി പത്രപ്രവര്‍ത്തകരുടെ ചോദ്യശരങ്ങളെ നേരിട്ടത്.
തന്റെ ഭരണകൂടത്തിനു കീഴില്‍ മതവിവേചനം നടക്കുന്നുവെന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള പത്രപ്രവര്‍ത്തക ആരാഞ്ഞതിങ്ങനെ: ‘മിസ്റ്റര്‍ പ്രധാനമന്ത്രി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന് കാലങ്ങളായി അഹങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, പല മനുഷ്യാവകാശ സംഘടനകളും പറയുന്നത് താങ്കളുടെ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും ഇതിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്നുവെന്നുമാണ്. വൈറ്റ്‌ഹൗസിലെ ഈ ഈസ്റ്റ് മുറിയില്‍ നിരവധി ലോകനേതാക്കള്‍ ജനാധിപത്യ സംരക്ഷണത്തില്‍ അവര്‍ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി താങ്കളും ഭരണകൂടവും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക?’. അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് മോദി പ്രതികരിച്ചതിങ്ങനെ: ‘ആളുകള്‍ ഇങ്ങനെ പറയുന്നുവെന്നാണ് താങ്കള്‍ പറഞ്ഞത്. തീര്‍ച്ചയായും ഇന്ത്യ ജനാധിപത്യ രാജ്യം തന്നെയാണ്. ഞങ്ങളുടെ ആത്മാവ് തന്നെ ജനാധിപത്യമാണ്. ഞങ്ങളുടെ ഞരമ്പുകളിലോടുന്നതും ഞങ്ങളുടെ ജീവിതവും ജനാധിപത്യം തന്നെ.
ഞങ്ങളുടെ പൂര്‍വികര്‍ ഈ ആശയത്തെ മുമ്പേ അവതരിപ്പിച്ചിട്ടുണ്ട്. അതാണ് ഇന്ന് ഞങ്ങളുടെ ഭരണഘടനാ മാതൃകയിലുള്ളത്. ജനാധിപത്യത്തെ പ്രാവര്‍ത്തികമാക്കാനാവുമെന്നും ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രാവര്‍ത്തികമാക്കുക എന്നു പറയുമ്പോള്‍ ജാതി, മത, വര്‍ണ, വര്‍ഗ, ലിംഗ വ്യത്യാസങ്ങളില്ലാതെ പ്രാവര്‍ത്തികമാക്കുക എന്നു തന്നെയാണ്. ഇവിടെ വിവേചനത്തിനു യാതൊരിടവുമില്ല’. എന്നും മോദി പറഞ്ഞു.
വളരെ നല്ല രീതിയില്‍, ശുഭസൂചകവും പ്രചോദനാത്മകവുമായിരുന്നു നമ്മുടെ പ്രധാനമന്ത്രിയുടെ മറുപടിയും വാക്കുകളും. എന്നാല്‍, ഈ പറഞ്ഞതെല്ലാം വസ്തുതകളാണോ? ഒന്നു മുങ്ങിത്തപ്പിയാല്‍ മനസിലാവുക അദ്ദേഹം പറഞ്ഞതു പലതും തെറ്റാണെന്നാണ്. ഇന്ത്യയിലെ മുസ്ലിംകള്‍ നേരിടുന്ന ദുരവസ്ഥകളെ തന്റെ പ്രസ്താവനകളിലൂടെ അപ്രസക്തമാക്കുകയാണ് മോദി യഥാര്‍ഥത്തില്‍ ചെയ്തത്. ഇന്ത്യയില്‍ ഏകദേശം 200 ദശലക്ഷം മുസ്ലിംകളുണ്ട്. ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെങ്കില്‍ പോലും സ്വാതന്ത്ര്യം മുതലിങ്ങോട്ടുള്ള കാലം വ്യവസ്ഥാപിത വിവേചനങ്ങളും മുന്‍വിധികളും ആക്രമണങ്ങളും ഈ സമുദായത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. മുസ്ലിം വിരുദ്ധ വികാരം ഇന്ത്യയില്‍ ശക്തമായത് ഹിന്ദുത്വ ദേശീയ അജൻഡയുമായി 2014ല്‍ അധികാരത്തിലേറിയ മോദിയുടെ ബി.ജെ.പി ഭരണകൂടത്തിനു കീഴിലാണെന്നാണ് വിദഗ്ധാഭിപ്രായം. 2019ല്‍ വീണ്ടും അധികാരത്തിലേറിയതോടെ മോദി ഭരണകൂടം പല വിവാദനയങ്ങളും സ്വീകരിച്ചു. അവ പലപ്പോഴും മുസ്ലിംകളെ തഴയുന്നതും ലക്ഷക്കണക്കിനു മുസ്ലിംകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമായിരുന്നു. ഈ ഭരണകൂടത്തിനു കീഴില്‍ മുസ്ലിംകൾക്കു നേരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പല നടപടികളും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അന്താരാഷ്ട്ര രാജ്യങ്ങള്‍ അപലപിക്കുന്നതിലേക്കും കാരണമായി.
തൊഴില്‍, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മുസ്ലിംകൾ വിവേചനം നേരിടുന്നുണ്ട്. രാജ്യത്ത് രാഷ്ട്രീയാധികാരവും പണവും സമ്പാദിക്കുന്നതിനു ഈ സമൂഹത്തിനു പല തടസങ്ങളുമുണ്ട്. ആരോഗ്യസംവിധാനങ്ങളുള്‍പ്പെടെ പല അടിസ്ഥാന സൗകര്യങ്ങളും പലര്‍ക്കും ലഭ്യമല്ല. ഭരണഘടനയുടെ സംരക്ഷണം ഉണ്ടായിട്ടുപോലും ഇത്തരം വിവേചനങ്ങളെപ്പറ്റി പരാതി നല്‍കിയാല്‍ പോലും നീതി ലഭിക്കാന്‍ നീണ്ട പോരാട്ടങ്ങള്‍ വേണം. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പാര്‍ലമെന്റിലെ മുസ്ലിം പ്രാതിനിധ്യം അപ്രസക്തമായി തുടരുകയാണ്. 2019ലെ തെരഞ്ഞെടുപ്പിനു ശേഷം മുസ്ലിം പ്രാതിനിധ്യം അഞ്ച് ശതമാനമായി കുറഞ്ഞു. ഇതും ബി.ജെ.പിയുടെ വളര്‍ച്ച മൂലമാണെന്ന് പറയാതെ വയ്യ. 2022 പകുതി ആയപ്പോഴേക്കും ഈ പാര്‍ട്ടിയില്‍ നിന്ന് പാര്‍ലമെന്റില്‍ ഒരു പ്രതിനിധി പോലുമില്ല. അതേസമയം, കോമണ്‍ കോസ് എന്ന സംഘടന നടത്തിയ സര്‍വേയില്‍ പറയുന്നത് രാജ്യത്തെ പകുതിയോളം പൊലിസുകാര്‍ മുസ്ലിംകളോട് പക്ഷപാതപരമായാണ് പെറുമാറുന്നതെന്നാണ്. അഥവാ, മുസ്ലിംകൾക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശ്രമം പൊലിസിന്റെ ഭാഗത്തു നിന്ന് തുച്ഛമാണ്. കൂടാതെ മുസ്ലിംകളെ ആക്രമിക്കുന്നവര്‍ പലപ്പോഴും കേസില്‍ നിന്ന് രക്ഷപ്പെടുന്നതും വ്യാപകമായിരിക്കയാണ്.
മുസ്ലിംകൾക്കെതിരേ നടത്തിയ പല ആക്രമണങ്ങളിലും കുറ്റക്കാരെന്നു കണ്ടെത്തിയ ഹിന്ദുക്കള്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കുന്നതും ഉത്തരവുകള്‍ റദ്ദാക്കുന്നതും രാജ്യത്ത് വ്യാപകമാണ്. മുസ്ലിംകളെ ശിക്ഷിക്കുന്നതിന് നീതിന്യായവ്യവസ്ഥക്കപ്പുറമുള്ള മാര്‍ഗങ്ങളാണ് അധികാരികള്‍ ഉപയോഗിക്കുന്നത്. വിമര്‍ശകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ബുള്‍ഡോസര്‍ നീതി എന്നാണ്. 2022ല്‍ നിരവധി വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കപ്പെട്ടത്. മതിയായ രേഖകളില്ലെന്ന് ആരോപിച്ചാണ് ഈ കെട്ടിടങ്ങള്‍ തകര്‍ത്തത്.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി പാസാകുന്നതും മോദി അതില്‍ ഒപ്പിടുന്നതും. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ പൗരത്വ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ ഭേദഗതി. എന്നാല്‍, പൗരത്വത്തിന്റെ അടിസ്ഥാനം മതമായി നിര്‍വചിച്ചുകൊണ്ടുള്ള നടപടിയായിരുന്നു ഇത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മുസ്ലിംകള്‍ ഇതില്‍ നിന്നു പുറത്താണ്. രാജ്യത്തെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മിരിന്റെ രാഷ്ട്രീയ നിലനില്‍പ്പും മോദി ഇല്ലാതാക്കി. 2019 ആഗസ്റ്റില്‍ ഈ സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ഇതിന്റെ പ്രത്യേക ഭരണഘടനാ പദവി ഇല്ലാതാക്കുകയും ചെയ്തു. പലപ്പോഴും സുരക്ഷയുടെ പേരില്‍ അവിടുത്തെ ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഭരണകൂടത്തില്‍ നിന്നുണ്ടായത്. ഇവിടുത്തെ സാഹചര്യം എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാവാന്‍ രാമനവമി ദിനത്തില്‍ നടന്ന സംഭവങ്ങളിലേക്ക് നോക്കിയാല്‍ മതി. രാമനവമി ആഘോഷത്തിന്റെ ജാഥ മുസ്ലിം പ്രദേശത്തിലൂടെ കടന്നു പോവുമ്പോള്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും ആയുധങ്ങള്‍ ചൂണ്ടിക്കാണിച്ചും പ്രകോപനപരമായ രീതിയിലുള്ളതായിരുന്നു. മാര്‍ച്ച് 30,31 തീയതികളിലായി പല സംസ്ഥാനങ്ങളിലും ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാജ്യത്തെ ഹൈന്ദവാഘോഷങ്ങള്‍ മുസ്ലിംകൾക്കെതിരായുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനായുള്ള ഇടങ്ങളാക്കി മാറ്റുന്നതില്‍ രാജ്യത്തെ ഭരിക്കുന്നവര്‍ക്ക് വലിയപങ്കുണ്ട്. രാഷ്ട്രീയ പരിരക്ഷയും നിയമപരമായി രക്ഷപ്പെട്ടു പോരുമെന്നുള്ള ധൈര്യത്തില്‍ നിന്നുമാണ് ഇത്തരത്തിലുള്ള ആക്രമണ സംഭവങ്ങള്‍ക്ക് ജനം തയാറാവുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് പലപ്പോഴും അധികാരികളുടെ ക്രൂരനടപടികള്‍ക്ക് ഇരയാവുന്നത് മുസ്ലിംകളാണെന്നാണ്. കഴിഞ്ഞ ഏപ്രിലിലും സമാനസംഭവങ്ങള്‍ ഹിന്ദു ആഘോഷങ്ങള്‍ക്കിടെ നടന്നു. ഇതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മധ്യപ്രദേശിലെയും ഗുജറാത്തിലെയും അധികാരികള്‍ ഇതിനോട് പ്രതികരിച്ചത് മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ നശിപ്പിച്ചു കൊണ്ടായിരുന്നു. ഒക്ടോബറിലെ മറ്റൊരു ആഘോഷത്തിനിടെ നടന്ന പ്രശ്‌നത്തില്‍ കല്ലെറിഞ്ഞു എന്ന് ആരോപിക്കപ്പെട്ട മൂന്ന് മുസ്ലിംകളുടെ വീടുകളും ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ എല്ലാ തലങ്ങളിലും വിവേചനപരമായ നടപടികള്‍ തന്നെയാണ് മുസ്ലിംകള്‍ക്കെതിരേ സ്വീകരിച്ചത്. ഇതിലെ നേതാക്കള്‍ എല്ലായ്‌പ്പോഴും മുസ്ലിംകള്‍ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതും സ്ഥിരമാണ്.
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ജനാധിപത്യ പദവിയെ ഉയര്‍ത്തി പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണ്. ജി20 വേദിയില്‍ തന്റെ ഭരണകൂടത്തെ ഉയര്‍ത്തിക്കാണിക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ആക്രമണങ്ങളും പൗരസമൂഹത്തെ അടിച്ചമര്‍ത്തുന്നതും സ്വേച്ഛാധിപത്യഭണത്തിന്റെ ലക്ഷണങ്ങളാണ്. ഇന്ത്യക്ക് ഒരു ലോകശക്തിയായി മാറണമെന്നുണ്ടെങ്കില്‍ ഇവിടുത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കൊരു അറുതിവരുത്തണം. ജീനില്‍ ജനാധിപത്യമുണ്ടെന്ന് വെറുതെ പറയുന്നത്ര എളുപ്പമല്ല പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍. ഇനി അതിനു മറുപടി പറഞ്ഞാലും പറഞ്ഞത് നേരോ നുണയോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
Comments are closed for this post.