2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജനാധിപത്യത്തിലെ ഛത്രപതികൾ

   

പ്രൊഫ. റോണി കെ. ബേബി


പാർലമെന്റിലും തിരുവനന്തപുരത്ത് നിയമസഭയിലും സമാന സംഭവവികാസങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനു മുൻപുണ്ടാകാത്തവിധം പ്രക്ഷുബ്ധമാണ് പാർലമെന്റും നിയമസഭയും. രണ്ടിടത്തും ഭരണ-പ്രതിപക്ഷം തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ്. ഭരണപക്ഷം സഭാനടപടികൾ സ്തംഭിപ്പിക്കുന്ന അസാധാരണ കാഴ്ചകളാണ് പാർലമെന്റിലും കേരളനിയമസഭയിലും കാണുന്നത്.

കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ രാഹുൽ ഗാന്ധി വിദേശത്ത് പോയി വിമർശിച്ചു എന്നാണ് പാർലമെന്റിൽ ബി.ജെ.പി ഉയർത്തുന്ന കോലാഹലങ്ങൾക്ക് പിന്നിൽ കാരണമായി പറയുന്നതെങ്കിലും യഥാർഥ ലക്ഷ്യം അദാനിയും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധബന്ധം ചർച്ച ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ആരോപണങ്ങളിൽ ജെ.പി.സി അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യത്തിന്റെ ദിശ മാറ്റുക എന്നതുമാണ്. ലണ്ടനിൽ ബ്രിട്ടീഷ് പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളുടെ മൈക്രോഫോണുകൾ പലപ്പോഴും

നിശബ്ദമാക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജനാധിപത്യത്തിനെതിരായ ആക്രമണം, ചൈന വിഷയം, മോദിയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.


ഇതിനെതിരേ ബി.ജെ.പിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ വൻപ്രതിഷേധമാണ് നടക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പാർലമെന്റ് സംയുക്ത സമിതിയുടെ അന്വേഷണമെന്ന പ്രതിപക്ഷ ആക്രമണത്തിന്റെ മുനിയൊടിക്കുക എന്ന ലക്ഷ്യം മാത്രമേ തുടർച്ചയായിട്ടുള്ള പാർലമെൻ്റ് തടസപ്പെടുത്തലിന് പിന്നിലുള്ളു. പാർലമെന്റിനെയും ജനാധിപത്യത്തെയും രാഹുൽ ഗാന്ധി അവഹേളിച്ചുവെന്നാരോപിച്ച്, അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാർ തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തുകയാണ്. അധികാരത്തിലുള്ള ഒരു പാർട്ടിയിലെ എല്ലാ അംഗങ്ങളും പാർലമെന്റ് നിർത്തിവയ്ക്കാൻ ബഹളം സൃഷ്ടിക്കുന്നത് ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായാണ്.


രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങളിൽ യാതൊരുവിധ പുതുമ ഇല്ലാത്തതും അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധിതവണ ചർച്ച ചെയ്തതുമായ വസ്തുതകളാണ്. ‘ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും കൂടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥയെ എങ്ങനെയാണ് അപകടത്തിലാക്കുന്നത് എന്നറിയാൻ വായിക്കുക’. ലോകത്തുതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട ഈ തലക്കെട്ട് വന്നത് ലണ്ടനിൽനിന്ന് പുറത്തിറങ്ങുന്ന ‘ദി എക്കോണമിസ്റ്റ്’ മാസികയിൽ 2020 ജനുവരിയിൽ പ്രസിദ്ധീകരിച്ച ‘അസഹിഷ്ണുത നിറഞ്ഞ ഇന്ത്യ'(Intolerant India) എന്ന ലേഖനത്തിന്റെ ഭാഗമായാണ്. സംവാദത്തോടും വിമർശനങ്ങളോടും ബി.ജെ.പി പുലർത്തുന്ന അസഹിഷ്ണുത എണ്ണമറ്റ അവസരങ്ങളിൽ പ്രകടമായിട്ടുണ്ട്. പാർലമെന്ററി ജനാധിപത്യത്തെ പടിപടിയായി നശിപ്പിക്കുകയാണ് ബി.ജെ.പി സർക്കാർ.

ജനാധിപത്യ വിരുദ്ധത
കേന്ദ്രത്തിൻ്റെ മുഖമുദ്ര


‘ഈ സർക്കാർ വിമർശിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വിമർശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും’- ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യബോധം നിറഞ്ഞുനിൽക്കുന്ന വാക്കുകളാണിത്. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിന് അകത്തും പുറത്തും അദ്ദേഹം സ്വീകരിക്കുന്ന നടപടികളും നിലപാടുകളും ജനാധിപത്യ വിരുദ്ധമാണ്. വാർത്താസമ്മേളനം നടത്താത്ത ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി.


ജനാധിപത്യ രീതികൾ ഇത്രമാത്രം ദുർബലമായ മറ്റൊരു സന്ദർഭം ഇന്ത്യൻ ചരിത്രത്തിൽ വേറെ വായിക്കാൻ കഴിയില്ല. പ്രതിപക്ഷത്തിന് അവരുടെ നിലപാടുകൾ അവതരിപ്പിക്കാൻ പോലും അവസരം കിട്ടുന്നില്ല. പാർലമെന്റ് ചർച്ചകൾ ഒരു ചടങ്ങായി മാറുന്നു. പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ച് ഡാറ്റ അനുസരിച്ച് ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെട്ടതിൽ 25% ബില്ലുകൾ മാത്രമേ കമ്മിറ്റിക്ക് പുനഃപരിശോധനക്കായി വിട്ടിട്ടുള്ളു. എന്നാൽ മുൻ ലോക്‌സഭകളിൽ കമ്മിറ്റിക്ക് വിട്ടത് 60-70% വരെ ബില്ലുകളാണെന്നുള്ളത് ഇപ്പോഴത്തെ പാർലമെന്റിന്റെ ദുർഗതിയെ കാട്ടിത്തരും. വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിന് 57 എം.പിമാരെ മോദി ഭരണകൂടം അറസ്റ്റ് ചെയ്യുകയും 23 എം.പിമാരെ കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വിലക്കയറ്റവും അവശ്യവസ്തുക്കൾക്ക് ജി.എസ്.ടി ചുമത്തിയതും അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനാണ് 19 രാജ്യസഭാ എം.പിമാരെയും നാല് ലോക്‌സഭാ എംപിമാരെയും ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

പ്രതിപക്ഷ ബെഞ്ചുകളുടെ എതിർപ്പുകളെ തെല്ലും പരിഗണിക്കാതെ ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡകൾ ഒന്നൊഴിയാതെ നടപ്പാക്കാനുള്ള വേദിയായി മാറുകയാണ് പാർലമെന്റിന്റെ രണ്ടുസഭകളും. ചോദ്യാത്തരവേള റദ്ദാക്കാൻ സർക്കാരിനും സ്പീക്കർക്കുമുള്ള അധികാരം യുദ്ധകാലത്തും അടിയന്തരാവസ്ഥയിലും മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. രാഷ്ട്രീയ തർക്കങ്ങളെ തുടർന്ന് ചോദ്യോത്തരവേളകൾ തടസപ്പെടാറുണ്ട്, പക്ഷേ ഇപ്പോൾ പാർലമെൻ്റിൽ നടക്കുന്ന രീതിയിൽ റദ്ദാക്കപ്പെടുന്നത് ജനാധിപത്യത്തിന് കൂച്ചുവിലങ്ങ് ഇടൽതന്നെയാണ്. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തുന്ന ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ മന്ത്രിമാർ ബാധ്യസ്ഥരാണ്. ചോദ്യോത്തരവേള റദ്ദാക്കുന്നതിലൂടെ എം.പിമാർക്ക് ചോദ്യം ചെയ്യാനുള്ള അവകാശവും ജനങ്ങൾക്ക് ആ നടപടിക്രമങ്ങൾക്കു സാക്ഷ്യംവഹിക്കാനും അധികാരത്തിലുള്ള സർക്കാരിന്റെയും തങ്ങളെ പ്രതിനിധീകരിക്കുന്ന എം.പിമാരുടെയും പ്രകടനം വിലയിരുത്താനുമുള്ള അവസരം കൂടിയാണ് നഷ്ടമാകുന്നത്.
കേന്ദ്രപതിപ്പ് കേരളത്തിലും

ഇനി കേരളത്തിലേക്ക് വന്നാൽ തുടർച്ചയായി നിയമസഭാ നടപടികൾ സ്തംഭിപ്പിക്കുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും പ്രതിപക്ഷം തുടർച്ചയായി കൊണ്ടുവരുന്ന അടിയന്തര പ്രമേയങ്ങൾ ചർച്ചപോലും ചെയ്യാതെ ഒഴിവാക്കുന്നതിന്റെയും പിന്നിൽ ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. ബജറ്റിലെ നികുതിക്കൊള്ളയും ബ്രഹ്മപുരത്തിന് പിന്നിൽ പുകയുന്ന അഴിമതിക്കഥകളും പിണറായി വിജയനെയും സർക്കാരിനെയും വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഇതിൽനിന്ന് രക്ഷപ്പെടുവാനുള്ള ഏക മാർഗം നിയമസഭാ നടപടികൾ അട്ടിമറിക്കുകയാണ്. അതിന് കഴിവതും പ്രകോപനം സൃഷ്ടിക്കുക എന്നതാണ്. അതാണ് ഇപ്പോൾ കേരള നിയമസഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വിമർശനങ്ങളെ ഭയപ്പെടുന്ന ഭരണാധികാരികൾ

പാർലമെൻ്റിലാണെങ്കിലും സംസ്ഥാന നിയമസഭയിലാണെങ്കിലും ഭരണപക്ഷം പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ ഭയക്കുന്നു എന്നാണ് ഈ സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്തയായ ചർച്ചകളെയും വിമർശനങ്ങളെയും നിയമനിർമാണ വേദികളിൽ ഒഴിവാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മാത്രമല്ല ഏകാധിപത്യ പ്രവണതകളുടെ സൂചനകൾ കൂടിയാണ്. ബി.ജെ.പി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരും സി.പി.എം നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരും നിയമനിർമാണ സഭകളിൽ വിമർശനങ്ങളെ ഭയപ്പെടുകയാണ്.


ബി.ജെ.പി, സി.പി.എം എന്നു പറയുന്നതിനേക്കാൾ നരേന്ദ്രമോദി, പിണറായി വിജയൻ എന്ന് പറയുന്നതാവും കുറച്ചുകൂടി ഉചിതം. കാരണം ഈ രണ്ടു വ്യക്തികളുടെയും മുൻപിൽ കേഡർ പാർട്ടികളായിട്ടുപോലും അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാർട്ടികൾ അപ്രസക്തമാണ്. കാരണം അത്രമാത്രം രണ്ടുപേരിലേക്കും അധികാരം വല്ലാതെ കേന്ദ്രീകരിച്ചിരിക്കുന്നു. അധികാരത്തെ, നിയമനിർമാണസഭയ്ക്ക് അകത്തായാലും പുറത്തായാലും എങ്ങനെ വിനിയോഗിക്കണമെന്ന് കൃത്യമായ ധാരണകളുള്ളവരാണ് രണ്ടുപേരും. ശരീരഭാഷകളും പ്രതികരണങ്ങളും എതിർശബ്ദങ്ങളെ കൈകാര്യം ചെയ്യുന്ന രീതികളും വളരെയേറെ സമാനതകൾ ഉള്ളതാണ്. വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടികളെ നിശബ്ദരാക്കുന്നതിന് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ നിർബാധം ഉപയോഗപ്പെടുത്തുന്നുവെങ്കിൽ സംസ്ഥാനത്ത് അത് മുഖ്യമന്ത്രിയുടെ തന്നെ നിയന്ത്രണത്തിലുള്ള പൊലിസാണ്.

ജനാധിപത്യ മൂല്യങ്ങൾ
തച്ചുടക്കുന്നു

അജൻഡകൾ നടപ്പാക്കാനായി ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കുന്ന മോദി ഗവൺമെന്റിന്റെ പാതയിലൂടെയാണ് കേരളത്തിലെ പിണറായി ഗവൺമെന്റും സഞ്ചരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സർക്കാരിനെ ജനാധിപത്യപരമായി വിമർശിക്കാനും തിരുത്താനുമുള്ള വേദിയാണ് പാർലമെന്റും നിയമസഭയും. ഇതിന് പ്രതിപക്ഷത്തെ അനുവദിക്കാത്തത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ്.

വിയോജിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ്. പ്രതിപക്ഷത്തിന്റെ ഈ അവകാശത്തെയാണ് പാർലമെൻ്റിലും കേരളത്തിലും നഗ്നമായി നിഷേധിക്കുന്നത്. ഭരണകൂടത്തെ വിമർശിക്കാൻ പാടില്ല എന്നത് ഇന്ത്യയിൽ അലിഖിത നിയമമായിരിക്കുന്നു. അഞ്ച് വർഷംകൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യമെന്ന് ഇവരെ ബോധ്യപ്പെടുത്തേണ്ടത് ഉന്നതമായ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ജനസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മറന്നാൽ ഫലം ഏകാധിപത്യമായിരിക്കും. ചരിത്രം പഠിപ്പിക്കുന്നതും അതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.