ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ യു.കെയില്‍ നിന്നു വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിയ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. പൊടുന്നനെയുണ്ടായ ഉത്തരവില്‍ ആശയക്കുഴപ്പത്തിലായ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളുണ്ടായി. യു.കെയില്‍ നിന്ന് 250 യാത്രക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യു.കെ വിമാനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് പിന്‍വലിച്ച ശേഷമുള്ള ആദ്യ വിമാനമാണ് വെള്ളിയാഴ്ച രാവിലെ ന്യൂഡല്‍ഹിയിലെത്തിയത്.
വിമാനത്താവളത്തില്‍ പരിശോധനയില്‍ രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും അല്ലാത്തവര്‍ക്ക് ഹോം ക്വാറന്റൈനുമായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍, യു.കെയില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധനാ ഫലം നെഗറ്റീവായാലും ഹോം ഐസൊലേഷനില്‍ പോകുന്നതിനു മുന്‍പ് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ അയയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വെള്ളിയാഴ്ച രാവിലെ അറിയിച്ചു. ലണ്ടനില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡുചെയ്തു കഴിഞ്ഞാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ വ്യവസ്ഥകള്‍ മാറിയത് അറിയാതെ എത്തിയ യാത്രക്കാര്‍ കടുത്ത ദുരിതത്തിലാവുകയായിരുന്നു. ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയൂവെന്ന് മലയാളികള്‍ അടക്കമുള്ള യാത്രക്കാരോട് അധികൃതര്‍ പറഞ്ഞു. ഇതോടെ ചിലര്‍ പ്രതിഷേധിച്ചു.
ക്വാറന്റൈന്‍ ഒഴിവാക്കുന്നതു സംബന്ധിച്ച ഫോറം പൂരിപ്പിച്ചു നല്‍കിയശേഷം ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കുള്ള വിമാനം കയറാമെന്നും നാട്ടിലെത്തി ക്വാറന്റൈനില്‍ ഇരുന്നാല്‍ മതിയെന്നുമാണ് യു.കെയില്‍ നിന്ന് യാത്രതിരിക്കുമ്പോള്‍ അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നത്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് അവര്‍ യു.കെയില്‍നിന്ന് യാത്ര തുടങ്ങിയത്.
Comments are closed for this post.