ന്യൂഡല്‍ഹി: 13 കിലോമീറ്ററോളം കാറില്‍ വലിച്ചിഴച്ച് മരിച്ച ഡല്‍ഹിയിലെ അഞ്ജലി സിങിന്റെ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അവര്‍ ഒറ്റയ്ക്കായിരുന്നില്ലെന്ന് കണ്ടെത്തി. പുതുവര്‍ഷദിനത്തിന്റെ പുലര്‍ച്ചെ അപകടമുണ്ടാവുമ്പോള്‍ 20 കാരിയോടൊപ്പം പെണ്‍സുഹൃത്തും അവളുടെ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ നിസാര പരിക്കേറ്റ സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
അപകടം വരുത്തിയ മാരുതി ബലേനോ കാറിന്റെ ആക്‌സിലില്‍ അഞ്ജലിയുടെ കാല്‍ കുടുങ്ങുകയായിരുന്നു. ഇതോടെയാണ് വാഹനത്തിനൊപ്പം കിലോമീറ്ററുകള്‍ വലിച്ചിഴച്ച് ദാരുണ മരണത്തിനിടയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൃത്തായ യുവതിയെ കണ്ടെത്തിയെന്നും അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുമെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുന്നതിനായി പൊലിസ് റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടസമയത്ത് മദ്യപിച്ചിരുന്നതായി കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ സമ്മതിച്ചിട്ടുണ്ട്. അഞ്ജലിയെ വലിച്ചിഴച്ചതറിഞ്ഞിരുന്നില്ലെന്നും പരിഭ്രാന്തികൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
വാഹനം ഓടിക്കുമ്പോള്‍ എന്തോ കുടുങ്ങിയതായി തനിക്ക് തോന്നിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ ഒന്നുമില്ലെന്ന് പറഞ്ഞതായും കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന മൊഴി നല്‍കിയിരുന്നു.
Comments are closed for this post.