2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

ഒടുവിൽ അവർ
രാഹുലിനെ തേടിയെത്തി



ഒടുവിൽ രാഹുൽ ഗാന്ധിയെത്തേടി ഡൽഹി പൊലിസ് വീട്ടിലെത്തിയിരിക്കുന്നു. ഇന്ത്യയിൽ സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമർശത്തിൽ മൊഴിയെടുക്കാനാണെന്നാണ് ന്യായം. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സംസാരിക്കവെ ഇന്ത്യയിൽ സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നതായി രാഹുൽ പറഞ്ഞിരുന്നു. യാത്രയ്ക്കിടെ കണ്ട സ്ത്രീകൾ തന്നോട് അവരുടെ അനുഭവങ്ങൾ വെളിപ്പെടുത്തിയെന്നും രാഹുൽ സൂചിപ്പിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും ഇരകളെക്കുറിച്ച് വിവരം ലഭിക്കുകയും അതേക്കുറിച്ച് അന്വേഷണം നടത്തുകയും വേണമെന്നാണ് ഡൽഹി പൊലിസ് പറയുന്നത്.

 


ഇന്ത്യയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം മുതൽ ഹിൻഡൻബർഗ് റിപ്പോർട്ട് വരെയുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ നൽകിയ അടിയന്തരപ്രമേയ നോട്ടിസുകൾ ചെയർ തുടർച്ചയായി നിരസിച്ചു. പാർലമെന്റിൽ അന്നത്തെ കാര്യങ്ങൾ മാറ്റിവച്ച് ചർച്ച ചെയ്യേണ്ട ‘അടിയന്തര പ്രാധാന്യമുള്ള’ ഒരു കാര്യവും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായില്ലെന്നാണ് ഇതിൽനിന്ന് നമ്മൾ വിശ്വസിക്കേണ്ടത്. രാജ്യത്തെ ജനം പ്രശ്‌നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നുവെന്നാണോ കരുതേണ്ടത്. പതിനേഴാം ലോക്‌സഭയുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സഭകളിലും അദ്ദേഹം അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. പാർലമെന്റിൽ ചോദ്യങ്ങൾക്ക് മോദി മറുപടി പറയാറില്ല. ഏതെങ്കിലും മന്ത്രിയായിരിക്കും മോദിക്ക് വേണ്ടി സംസാരിക്കുക.


വർഷത്തിൽ ഏതാനും ദിവസങ്ങൾ മാത്രം ചേർന്ന് ഒന്നും ചർച്ച ചെയ്യാതെ, ബഹളങ്ങൾക്കിടയിൽ ബില്ലുകൾ പാസാക്കുന്ന ഒരു സംവിധാനമായി മാറിയിരിക്കുകയാണ് ഇന്ത്യൻ പാർലമെന്റ്. 1962ലെ ചൈന-ഇന്ത്യ യുദ്ധത്തിൽ ഇന്ത്യ തോറ്റത് പോലും ചർച്ച ചെയ്ത ചരിത്രമുണ്ട് രാജ്യത്തെ പാർലമെന്റിന്. ബോഫോഴ്സ് അഴിമതി പലതവണ ചർച്ച ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തത് ചർച്ചയായിരുന്നു. എന്നിട്ടും ഇപ്പോൾ സർക്കാർ ചർച്ചകളെ ഭയക്കുന്നു. പാർലമെന്റിൽ ചർച്ചകളില്ല. ബില്ലുകളിൽ എതിർ വോട്ടുകളില്ല. വിട്ടുനിൽക്കലുകളൊന്നുമില്ല. എതിർ സ്ഥാനാർഥികളില്ല. എതിർ ശബ്ദങ്ങളില്ല. ബി.ജെ.പി സ്വപ്‌നം കാണുന്ന ‘ജനാധിപത്യം’ ഇതാണ്.

ഭാരത് ജോഡോ യാത്രയോടെ കോൺഗ്രസിന് ലഭിച്ച ഊർജം ബി.ജെ.പിയെ ആശങ്കയിലാക്കുന്നുണ്ട്. അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരികയാണ്. സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ ബി.ജെ.പിക്കെതിരേ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസ് ഈ നീക്കത്തെ ഏകോപിപ്പിക്കുമെന്ന പേടിയുണ്ട്. പ്രതിപക്ഷത്തോളം മോദി സർക്കാർ പേടിക്കുന്ന മറ്റൊന്നില്ല. ഇ.ഡിയെ ഉപയോഗിച്ച് ഗാന്ധി കുടുംബത്തെ വിരട്ടാനുള്ള നീക്കം ഫലം കണ്ടിട്ടില്ല. ഇനി ഡൽഹി പൊലിസിന്റെ ഊഴമാണ്. ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ രാഹുലിന് നിയമപരമായ ബാധ്യതയുണ്ടോയെന്നതാണ് പ്രധാന ചോദ്യം. തീർച്ചയായുമില്ല. രാഹുലിന് താൽപര്യമുണ്ടെങ്കിൽ പൊലിസിന് വിവരം നൽകാം. നേരത്തെ ഇക്കാര്യമാവശ്യപ്പെട്ട് ഡൽഹി പൊലിസ് അയച്ച നോട്ടിസ് നിയമസാധുതയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തള്ളിയിരുന്നു.

ലോകത്തിന് മുന്നിൽ ഇന്ത്യയെ അപമാനിക്കുന്നത് രാഹുലിന്റെ പ്രസംഗമല്ല, മറിച്ച് മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടുകളാണ്. യു.എസ് ആസ്ഥാനമായുള്ള ഫ്രീഡം ഹൗസ് ഇന്ത്യയെ പൂർണമായ ജനാധിപത്യ രാജ്യമെന്ന വിഭാഗത്തിൽനിന്ന് ‘ഭാഗികമായ ജനാധിപത്യ രാജ്യമെന്ന വിഭാഗത്തിലേക്ക് തരംതാഴ്ത്തി. സ്വീഡനിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയെ ‘തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം’ എന്നാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റിന്റെ ജനാധിപത്യ സൂചികയിൽ ഇന്ത്യ 53ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതെല്ലാം സമീപകാലത്ത് മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിനു നൽകിയ സംഭാവനകളാണ്.

ഇന്നലെ രാഹുലിനെ കാണാതെ മടങ്ങേണ്ടിവന്ന ഡൽഹി പൊലിസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിനോട് പ്രതികരിച്ചില്ലെങ്കിലും ഒന്നും ചെയ്യാനില്ല. ഇതു ഡൽഹി പൊലിസിനും അറിയാം. ഇതു വെറും രാഷ്ട്രീയമാണ്. ഡൽഹി പൊലിസ് ആവശ്യപ്പെട്ടിട്ടും രാഹുൽ വെളിപ്പെടുത്തിയില്ലെന്നും രാഹുൽ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നും ബി.ജെ.പി പ്രചാരണം നടത്തും. അതിനായി ഡൽഹി പൊലിസിനെ രാഹുലിന്റെ വീട്ടിലേക്ക് പറഞ്ഞയച്ച് നാടകം കളിക്കുകയാണ് മോദി സർക്കാർ. രാഹുലിനെ ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യിക്കാൻ കുറച്ചു ദിവസമായി ബി.ജെ.പി നീക്കങ്ങൾ നടത്തുന്നുണ്ട്. രാഹുൽ യു.കെയിൽ നടത്തിയ പ്രസംഗം പരിശോധിച്ച് നടപടി നിർദേശിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നാണ് ബി.ജെ.പി സ്പീക്കർ ഓം ബിർലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുൽ പാർലമെന്റിനെ അവഹേളിച്ചുവെന്നും ഇന്ത്യയെ വിദേശ രാജ്യത്ത് അപമാനിച്ചുവെന്നുമാണ് ബി.ജെ.പി ആരോപണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.