2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി കേസ്: ആസിഫ് ഇഖ്ബാല്‍, നടാഷ നര്‍വാള്‍, ദേവാംഗണ കലിത എന്നിവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ പൊലിസ് ഹരജി നാളെ പരിഗണിക്കും

 

ന്യൂഡല്‍ഹി: ഡല്‍ഹി കലാപാനന്തരം അറസ്റ്റിലായ സി.എ.എ വിരുദ്ധ പ്രക്ഷോഭകരായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, നടാഷ നര്‍വാള്‍, ദേവാംഗണ കലിത എന്നിവര്‍ക്കു ജാമ്യം ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി പൊലിസ് സുപ്രിംകോടതിയില്‍. അപ്പീല്‍ നാളെ പരിഗണിക്കും. മൂവരുടെയും ജാമ്യാപേക്ഷകളില്‍ മൂന്ന് ഉത്തരവുകളിലായാണ് കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സി.എ.എ വിരുദ്ധ സമരം നടത്തുകയായിരുന്ന ഇവരെ പിന്നീട് നടന്ന കലാപത്തിന്റെ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സി.എ.എ അനുകൂലികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അഴിച്ചുവിട്ട കലാപത്തില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

   

വിദ്യാര്‍ഥി നേതാക്കളും ആക്ടിവിസ്റ്റുകളുമായ ഇവര്‍ക്കെതിരായ കുറ്റങ്ങളില്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയ ജഡ്ജിമാരായ സിദ്ധാര്‍ത്ഥ് മൃദുലും എ.ജെ ഭംഭാനിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, പ്രതിഷേധിക്കാനുള്ള അവകാശം രാജ്യദ്രോഹമായി കാണരുതെന്നും വ്യക്തമാക്കി. യു.എ.പി.എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ ആദ്യമായാണ് കോടതി സാധാരണ ജാമ്യം അനുവദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവര്‍ അറസ്റ്റിലായത്. അതുമുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യാപേക്ഷ നേരത്തെ വിചാരണാകോടതികള്‍ തള്ളിയിരുന്നു. ഇതിനിടെ നടാഷയുടെ അച്ഛനും പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനുമായ മഹാവീര്‍ നര്‍വാള്‍ കഴിഞ്ഞ മാസം മരിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് ഒരാഴ്ചയോളം ജാമ്യം ലഭിച്ചു.

വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം പൗരനു നിഷേധിക്കുകയോ അതിനെ യു.എ.പി.എ പ്രകാരമുള്ള ഭീകരക്കുറ്റമായി കാണുകയോ ചെയ്യരുതെന്നു ജാമ്യം അനുവദിക്കുന്ന വേളയില്‍ കോടതി പറഞ്ഞിരുന്നു. എഫ്.ഐ.ആറില്‍ പറയുന്ന ഭീകരപ്രവര്‍ത്തനത്തിന് ഒരു തെളിവും കുറ്റപത്രത്തിലില്ല. ചുമത്തിയ കുറ്റങ്ങളില്‍ ചിലതിനു തെളിവില്ല. ജാമ്യം നിഷേധിക്കാനും യു.എ.പി.എ ചുമത്താനും വകുപ്പുള്ള കുറ്റങ്ങളുമില്ല. സമരക്കാരുടെ കൂട്ടായ്മ നിരോധിക്കപ്പെട്ട ഒന്നല്ലെന്നും കോടതി വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.