ന്യുഡല്‍ഹി: കഴിഞ്ഞ 22 വര്‍ഷം ആരുടെയും ഭീഷണിക്ക് വഴങ്ങിയിട്ടില്ലെന്നും അവശേഷിക്കുന്ന രണ്ട് വര്‍ഷവും ആരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ നിര്‍മിക്കുന്നതിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് വികാസ് സിംഗ് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതികള്‍ക്ക് മുന്നില്‍ ധര്‍ണ ഇരിക്കുമെന്നുംവികാസ് സിംഗ് പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് വികാസ് സിംഗിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഞാന്‍. എന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. ഹര്‍ജി പതിനേഴിന് കേള്‍ക്കും. എന്നാല്‍ ഒന്നാമത്തെ കേസായി കേള്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതിയില്‍ ആകരുത്. നടപടിക്രമങ്ങള്‍ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയില്‍ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടതെന്ന് എനിക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി പറഞ്ഞു. ഇതോടെ വികാസ് സിംഗിന്റെ നടപടിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചു.
Comments are closed for this post.