ഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലേക്ക് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിനേയും ബജ്‌റംഗ് പൂനിയയേയും ട്രയല്‍സ് ഒഴിവാക്കി തെരെഞ്ഞെടുത്തതിനെതിരെ നല്‍കിയ ഹരജി തളളി ഡല്‍ഹി ഹൈക്കോടതി. ഗുസ്തി താരങ്ങളായ അന്തിം പംഗലും സുജീത് കല്‍ക്കലും നല്‍കിയ ഹരജിയാണ് കോടതി തളളിക്കളഞ്ഞത്.
ഈ മാസം ആദ്യം നടന്ന പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ 65 കിലോഗ്രാം, വനിതകളുടെ 53 കിലോഗ്രാം വിഭാഗങ്ങളിലെ ട്രയല്‍സില്‍ ഫോഗട്ടിനും പുനിയയ്ക്കും ഇളവ് അനുവദിച്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ തീരുമാനത്തെയാണ് താരങ്ങള്‍ ചോദ്യം ചെയ്തത്. ഒരു ഇളവും നല്‍കാതെ ന്യായമായ രീതിയില്‍ ട്രയല്‍സ് നടത്തണമെന്നും നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണം എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മയാണ് കോടതിയില്‍ ഹാജരായത്. ചില വിഭാഗങ്ങളില്‍ താരങ്ങള്‍ക്ക് ട്രയല്‍സ് ഒഴിവാക്കാറുണ്ടെന്ന് ചേതന്‍ ശര്‍മ്മ കോടതിയില്‍ അറിയിച്ചു. ഭാരവിഭാഗങ്ങളില്‍ എല്ലാ താരങ്ങള്‍ക്കും ട്രയല്‍സ് നടത്തണമെന്നാണ് ഗുസ്തി ഫെഡറേഷന്റെ നിയമം. എന്നാല്‍ പരിശീലകര്‍, വിദഗ്ധര്‍ എന്നിവര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ട്രയല്‍സ് ഒഴിവാക്കി താരങ്ങള്‍ക്ക് നേരിട്ട് യോഗ്യത നല്‍കാന്‍ സാധിക്കും.
Content Highlights:delhi high court dismissed petition against vinesh phogat and bajrang poonia
Comments are closed for this post.