2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി തീപ്പിടുത്തം; മരണസംഖ്യ 27, ഇനിയും ഉയരാം; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇന്ന് ഫോറന്‍സിക് പരിശോധന

ന്യുഡല്‍ഹി: ഇന്നലെ രാജ്യ തലസ്ഥാനത്തെ നടുക്കിയ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണമായി കത്തിയ നിലയിലാണ്. ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീപൂര്‍ണ്ണമായി അണച്ചത്. പരുക്കേറ്റ പന്ത്രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. കൂടൂതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്.
കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത പൊലിസ് സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന ഇന്നു നടക്കും.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി പിന്നീടാണ് പുറത്തറിഞ്ഞത്.
ഡല്‍ഹി മുണ്ട്കോ മെട്രോ സ്റ്റേഷനു സമീപമാണ് ദുരന്തമുണ്ടായ കെട്ടിടം. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തിലെ സി.സി ടി.വി നിര്‍മിക്കുന്ന ഒന്നാം നിലയിലെ ഓഫിസിലാണ് ആദ്യം തീ പടര്‍ന്നത്. ഇവിടെ ജോലി ചെയ്യുന്നവരില്‍ ഏറെയും സ്ത്രീകളാണ്.
നിരവധി പേര്‍ കെട്ടിടത്തിനകത്തുണ്ടാകാമെന്നാണ് കരുതുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധി പേരെ രക്ഷിച്ച് ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. 70 പേരെ ഇതിനകം രക്ഷപ്പെടുത്തിയെന്നാണ് പൊലിസ് പറയുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഡല്‍ഹി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ഉണ്ടായത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മിക്കുന്ന എസ്.ഐ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്.

തീപിടുത്തത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് ദില്ലി പൊലിസ് ഔട്ടര്‍ ഡിസിപി സമീര്‍ ശര്‍മ വിശദീകരിക്കുന്നത്. കെട്ടിട ഉടമസ്ഥരായ വരുണ്‍ ഗോയല്‍, ഹര്‍ഷ് ഗോയല്‍ എന്നിവര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

   

ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മിക്കുന്ന സ്ഥാപനത്തിലാണ് വൈകിട്ട് നാലരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നി ശമന വിഭാഗം അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.