ന്യുഡല്‍ഹി: ലോക്‌സഭയ്ക്ക് പിന്നാലെ ഡല്‍ഹി ഭരണ നിയന്ത്രണ ബില്ല് രാജ്യസഭയിലും പാസായി. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് ഒഴിവാക്കി അംഗങ്ങള്‍ക്ക് സ്ലിപ് നല്‍കി. വോട്ടെടുപ്പില്‍ ബില്‍ പാസായി. ബില്ലിനെ അനുകൂലിച്ച് 132 അംഗങ്ങളും ബില്ലിനെ എതിര്‍ത്ത് 102 അംഗങ്ങളും വോട്ട് ചെയ്തു. ഉച്ചയ്ക്കാണ് ബില്ലിന് മുകളില്‍ ചര്‍ച്ച ആരംഭിച്ചത്. പ്രതിപക്ഷത്ത് നിന്നുയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളെയും എതിര്‍ വാദങ്ങളെയും ഭരണപക്ഷത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് നേരിട്ടത്.
ചര്‍ച്ച നടക്കുന്നതിനിടെ പ്രസംഗിക്കാന്‍ എഴുന്നേറ്റ ബിജെപി എംപിയും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങളുയര്‍ത്തി. മറുപടി പ്രസംഗത്തിനായി എഴുന്നേറ്റ അമിത് ഷാ പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമര്‍ശിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ഡല്‍ഹി ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയുടെ വികസനത്തിന് സഹായകരമാകുന്ന നിലയില്‍ അഴിമതിയില്ലാത്ത പ്രദേശമായി മാറ്റുന്നതാണ് ബില്ല്. അഴിമതിക്കെതിരായ സമരത്തിലൂടെ അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് എഎപി. വിജിലന്‍സ് ഫയലുകള്‍ മറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ശ്രമിച്ചു.ഡല്‍ഹിയുടെ അധികാരം കേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നതല്ല ബില്ല്. ഡല്‍ഹിയില്‍ നിയമ നിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ട്. അധികാരത്തിനായി ഡല്‍ഹി മുഖ്യമന്ത്രിമാര്‍ ഒരു കാലത്തും കേന്ദ്രത്തോട് പോരാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.