2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ എം.ബി.ബി.എസുകാര്‍ക്ക് കേരളത്തില്‍ പെര്‍മനെന്റ് രജിസ്‌ട്രേഷന് കാലതാമസം

വിദേശ എം.ബി.ബി.എസുകാര്‍ക്ക് കേരളത്തില്‍ പെര്‍മനെന്റ് രജിസ്‌ട്രേഷന് കാലതാമസം

കോഴിക്കോട്• വിദേശത്ത് നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള യോഗ്യതാ പരീക്ഷ പാസായവര്‍ക്ക് കേരളത്തില്‍ പെര്‍മനെന്റ് രജിസ്‌ട്രേഷന് നീണ്ട കാത്തിരിപ്പും നൂലാമാലകളും. എന്‍.എം.സി നിര്‍ദേശ പ്രകാരം വിദേശ പഠനം പൂര്‍ത്തിയാക്കിയെത്തുന്നവര്‍ ഇന്ത്യയില്‍ ജോലി ചെയ്യാനുള്ള യോഗ്യതാ പരീക്ഷയായ എഫ്.എം.ജി.ഇ (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുറ്റേഴ്‌സ് എക്‌സാമിനേഷന്‍) പാസാകുന്നതിനൊപ്പം ഇവിടെ പെര്‍മനന്റ് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പും നിര്‍ബന്ധമാണ്. എന്നാല്‍ അതിനുള്ള അനുമതി നല്‍കാന്‍ വൈകുന്നതാണ് സംസ്ഥാനത്തെ വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ (കെ.എസ്.എം.സി) നിന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രൊവിഷണല്‍ രജിസ്‌ട്രേഷന് സീറ്റ് അനുവദിക്കാന്‍ ആറ് മുതല്‍ ഒമ്പത് മാസം വരെയാണ് കാലതാമസം. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ജോലിക്കോ തുടര്‍പഠനത്തിനോ പോലും അവസരം നിഷേധിക്കപ്പെടും. റഷ്യ, ചൈന, ഫിലിപ്പീയന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തീയാക്കുന്നവര്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍. ഈ കാലയളവില്‍ തന്നെ എഫ്.എം.ജി.ഇ പാസായ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് പെര്‍മനന്റ് രജിസ്‌ട്രേഷന്‍ നേടി ആശുപത്രികളില്‍ സേവനം ആരംഭിച്ചിരിക്കും എന്നതാണ് വസ്തുത.

   

കൂടാതെ അപേക്ഷാ ഫോം സംബന്ധിച്ച് കെ.എസ്.എം.സിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന് യാതൊരു സുതാര്യതയും ഇല്ല എന്ന ആരോപണവും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നു. അപേക്ഷ സമര്‍പ്പിച്ച് ഇമെയില്‍ വഴിയോ കെ.എസ്.എം.സി യുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറിലോ ബന്ധപ്പെടുമ്പോള്‍ ഇതേക്കുറിച്ചുള്ള യാതൊരു പ്രതികരണവും ലഭിക്കില്ല. ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 15,000 രൂപ അപേക്ഷാ ഫീസ് വാങ്ങിയ ശേഷമാണ് അധികൃതരുടെ ഈ അനാസ്ഥയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.