തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറി(30)നെ വെട്ടിക്കൊന്ന കേസിലെ പ്രതി അയല്‍ക്കാരനായ റിയാസിനെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
റിയാസ് റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഇയാളെ കടയില്‍ നിന്നു പിരിച്ചുവിട്ടതിലെ പകയാണ് കൊലയില്‍ കലാശിച്ചത്.
റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു റിയാസ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു.
അക്രമം കണ്ട് പേടിച്ച ഇവരുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് ഒളിവിലായിരുന്നു. റിയാസിന്റെ മൃതദേഹം എറിയാട്ടെ ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.
Comments are closed for this post.