തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ വളഞ്ഞിട്ടാക്രമിക്കാനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങള്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. വളഞ്ഞിട്ടാക്രമിക്കാന്‍ താന്‍ ചെയ്ത തെറ്റെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും കിട്ടയപ്പോള്‍ തനിക്ക് ആരും പൂച്ചെണ്ടു തന്നില്ല. തന്റെ പ്രവര്‍ത്തനം സുതാര്യമാണ്. വീഴ്ചകള്‍ എന്തെന്ന് വ്യക്തമാക്കണം. എല്ലാവരുടേയും അഭിപ്രായം കേട്ടു. വീഴ്ചയെക്കുറിച്ച് ആത്മവിമര്‍ശനമാണ് വേണ്ടത്. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണ്. 2015ലെക്കാള്‍ സീറ്റുകള്‍ നേടിയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലേക്കെത്താനാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പൊതു രാഷ്ട്രീയം ചര്‍ച്ചയായില്ല. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച നടന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി, ജോസ് കെ. മാണി, സംഘടനയിലെ പ്രശ്‌നങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയം, ലൈഫ് മിഷനടക്കമുള്ളവ പിരിച്ചു വിടുമെന്ന എം.എം ഹസന്റെ പ്രസ്താവന തുടങ്ങിയവ ചര്‍ച്ചയായെന്നും വിശദാംശങ്ങള്‍ ജനുവരി 6, 7 തിയതികളില്‍ നടക്കുന്ന യോഗത്തിനുശേഷം വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തോല്‍വി പഠിക്കാന്‍ റിലേ യോഗങ്ങളുമായി കെ.പി.സി.സി
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ റിലേ യോഗങ്ങളുമായി കെ.പി.സി.സി. ബ്ലോക്ക്തലം മുതല്‍ സംസ്ഥാനതലം വരെ അഞ്ചു ഘട്ടമായിട്ടാണ് യോഗങ്ങള്‍ നടത്തുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ചകള്‍ എല്ലാം കൃത്യമായി കണ്ടെത്താനാണ് യോഗങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തത്.
ഇന്ന് കെ.പി.സി.സി സെക്രട്ടറിമാരുടെയും ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ഇന്ദിരാഭവനില്‍ രാവിലെ പത്തിനു ചേരും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസം 21ന് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികള്‍ അതത് നിയോജക മണ്ഡലങ്ങളില്‍ യോഗം വിളിച്ചുചേര്‍ക്കും. കോണ്‍ഗ്രസ് എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി മെംബര്‍മാര്‍, ബ്ലോക്ക് – മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കും.
ഡിസം 22ന് ബ്ലോക്ക്തല യോഗങ്ങള്‍ നടക്കും. ബ്ലോക്കിലെ ഡി.സി.സി, കെ.പി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് ഭാരവാഹികള്‍, മത്സരിച്ച സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും.
ഡിസംബര്‍ 23, 24, 26 തിയതികളില്‍ ജില്ലതിരിച്ച് ഇന്ദിരാഭവനില്‍ അവലോകനയോഗം നടക്കും. ഓരോ ജില്ലയിലെ എം.പിമാരും എം.എല്‍.മാരും രാഷ്ട്രീയകാര്യ സമിതിയംഗങ്ങളും കെ.പി.സി.സി ഭാരവാഹികളും കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളും ഡി.സി.സി പ്രസിഡന്റുമാരും പങ്കെടുക്കും. 23ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളുടെയും 24 ന് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെയും 26ന് തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെയും യോഗങ്ങളാണ് നടക്കുക.
ജനുവരി 6,7 തിയതികളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ഇന്ദിരാഭവനില്‍ നടക്കും. ശേഷമായിരിക്കും തോല്‍വിയുടെ കാരണങ്ങളുടെ റിപ്പോര്‍ട്ട് തയാറാക്കുകയും ഭാവികാല പരിപാടികള്‍ തീരുമാനിക്കുകയും ചെയ്യുന്നത്.
Comments are closed for this post.